Asianet News MalayalamAsianet News Malayalam

വിവോയുടെ 465 കോടി കണ്ടുകെട്ടി, നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി

നികുതി വെട്ടിക്കാന്‍ 62476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.

ED action against Vivo and related companies
Author
Delhi, First Published Jul 7, 2022, 6:47 PM IST

ദില്ലി:  ചൈനീസ് കമ്പനിയായ വിവോയുടെയും അനുബന്ധ കമ്പനികളുടെയും 465 കോടി രൂപയുടെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി. വിവോ അധികൃതർ നികുതിവെട്ടിക്കാന്‍ പല കമ്പനികളിലൂടെ സമാഹരിച്ച 62,476 കോടി രൂപ ചൈനയിലേക്ക് കടത്തിയെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയടക്കം കേസില്‍ അന്വേഷണ പരിധിയിലുണ്ട്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രാജ്യത്താകെ 48 ഇടങ്ങളിലായിവിവോയുടെയും 23 അനുബന്ധ കമ്പനികളുടെയും ഓഫീസുകളില്‍  നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വസ്തുവകകൾ കണ്ടുകെട്ടിയത്. 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച പണംകൂടാതെ 2 കിലോ സ്വർണവും 73 ലക്ഷം രൂപയുടെ കറന്‍സിയും കണ്ടുകെട്ടിയതിലുൾപ്പെടും. 

അനുബന്ധ കമ്പനികളിലൊന്നായ ഗ്രാന്‍ഡ് പ്രോസ്പെക്ട് ഇന്‍റർനാഷണല്‍ കമ്യൂണിക്കേഷന്‍ സ്ഥാപിച്ചത് തെറ്റായ വിവരങ്ങൾ നല്‍കിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സർക്കാർ കെട്ടിടത്തിന്‍റെയും ഒരു മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്‍റെ വീടിന്‍റെയും വിലാസം നല്‍കിയാണ് കമ്പനി സ്ഥാപിച്ചത്. ഈ ഉദ്യോഗസ്ഥനിലേക്കും അന്വേഷണം നീളുകയാണ്. 2014 ആഗസ്റ്റില്‍ കമ്പനി സ്ഥാപിച്ച ഡയറക്ടർമാർ മൂന്ന് പേർ 2018ലും 2021ലുമായി രാജ്യം വിട്ടുവെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞു. 

രാജ്യത്താകെ 24 കമ്പനികളാണ് ഇവർ ചേർന്ന് സ്ഥാപിച്ചത്. കൊച്ചിയിലെ ഹയ്‍ജിന്‍ ട്രേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റ‍ഡും ഇതിലുൾപ്പെടും. ഈ കമ്പനികളിലൂടെ ആകെ 1,25,185 കോടി രൂപയുടെ വിറ്റുവരവ് നടന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ 62,476 കോടി രൂപ നികുതി വെട്ടിക്കാനായി ചൈനയിലേക്ക് കടത്തിയെന്നും ഇഡി പറയുന്നു. പരിശോധനയോട് കമ്പനി അധികൃതരില്‍ ചിലര്‍ സഹകരിച്ചില്ല. ചിലർ കടന്നുകളയാന്‍ ശ്രമിച്ചു. ഒളിപ്പിച്ചുവച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയതെന്നും ഇഡി പുറത്തിറക്കിയ വാർത്താ കുറിപ്പിലുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios