ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് അധികമായതിനാല്‍ സംസ്ഥാനത്ത് മുട്ടവില കൂടുമെന്ന് വ്യാപാരികള്‍. മുട്ടവില ആറുരൂപയായതിന് പിന്നാലെയാണ് കേരളത്തിലെ വ്യാപാരികളുടെ പ്രതികരണം. 2019ല്‍ ഏതാനും ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ മുട്ടവിലയില്‍ കാര്യമായ വ്യതിയാനം നേരിട്ടിരുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുട്ട വില നിശ്ചയിക്കുന്നത്. തമിഴ്നാട്ടിലെ നാമക്കലും ആന്ധ്രപ്രദേശിലെ വിജയവാഡയുമാണ് രാജ്യത്തെ മുട്ട വ്യവസായ രംഗത്തെ പ്രമുഖര്‍.

നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. 2 മുതല്‍ 3 രൂപവരെ മൊത്തവിലയ്ക്ക് എത്തിയിരുന്ന മുട്ടയ്ക്ക് ഒക്ടോബര്‍ മാസത്തില്‍ 5 രൂപയാണ് വിലയെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. സാധാരണ നിലയില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലും ജൂണ്‍ ജൂലൈ മാസങ്ങളിലുമാണ് മുട്ട വില കൂടുക. നിലവിലെ വില വര്‍ധന അസാധാരണമാണെന്നും മുട്ട മൊത്ത വ്യാപാരികള്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഡിമാന്‍ഡ് ഉണ്ടായതോടെയാണ് ഇതെന്നാണ് കേരള എഗ്ഗ് മെര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കബീര്‍ എ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിക്കുന്നത്.

ദക്ഷിണ കേരളത്തിലെ പ്രമുഖ മുട്ട മൊത്ത വ്യാപാര സ്ഥാപനമായ എകെ എഗ്ഗ് ട്രേഡേഴ്സിന്‍റെ ഉടമ കൂടിയാണ് കബീര്‍. വരും ദിവസങ്ങളില്‍ ഇത് കൂടാനാണ് സാധ്യതയെന്നും കബീര്‍ വിലയിരുത്തുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിലയില്‍ 30 ശതമാനത്തോളം വിലക്കുറവ് വന്നതിന് ശേഷമാണ് അപ്രതീക്ഷിതമായ ഈ വില വര്‍ധനവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മുട്ട ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരത്ത് മാത്രം ഒരാഴ്ച 30ലക്ഷം മുട്ടകള്‍ വിറ്റുപോകുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. സാധാരണ നിലയില്‍ മത്സ്യലഭ്യതയുള്ള സമയത്ത് മുട്ട വില കുറയാറാണ് പതിവ്. എന്നാല്‍ കൊവിഡ് കാലത്ത് ഇത് വിപരീതമായാണ് സംഭവിക്കുന്നതെന്നാണ് വ്യാപാരികള്‍ വിശദമാക്കുന്നത്.