ദില്ലി: 2018-19 ൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ കോർപ്പറേറ്റ് ഇന്ത്യ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ബിജെപിക്ക് ലഭിച്ചതിൽ 356 കോടി രൂപ, അല്ലെങ്കിൽ 75 ശതമാനം ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിൽ (പിഇടി) നിന്ന് മാത്രമുളളതാണ്. 

നാല് ഇലക്ടറല്‍ ട്രസ്റ്റുകളിൽ നിന്ന് കോൺഗ്രസിന് 99 കോടി രൂപയും ലഭിച്ചു, അതിൽ 55.6 കോടി രൂപ അല്ലെങ്കിൽ ആകെ ലഭിച്ചതിന്‍റെ 56 ശതമാനം പി‌ഇടിയാണ് നല്‍കിയത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ വാർഷിക സംഭാവന റിപ്പോർട്ടുകൾ പ്രകാരമുളള കണക്കുകളാണിത്.

വ്യക്തികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി 2018-19 ൽ ബിജെപിക്ക് ലഭിച്ച സംഭാവന 741.98 കോടി രൂപയാണ്. 2017-18 ല്‍ ലഭിച്ച 437.69 കോടിയിൽ നിന്ന് 69.5 ശതമാനം വർധന. 2018-19ൽ കോൺഗ്രസിന് മൊത്തം സംഭാവനയായി ലഭിച്ചത് 146.8 കോടി രൂപയായിരുന്നു, 2017-18 ൽ ഇത് 26.66 കോടി രൂപയായിരുന്നു.