ദില്ലി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നതിന്റെ സൂചന നല്‍കി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍. ഇന്ത്യയിലെ വൈദ്യുതി ആവശ്യം തുടര്‍ച്ചയായി മൂന്നാം മാസവും കുറഞ്ഞു തന്നെ. വൈദ്യുത വിതരണകേന്ദ്രത്തില്‍ നിന്നുമുള്ള വിതരണത്തില്‍ ഒക്ടോബറില്‍ മാത്രം 13.2 ശതമാനം ഇടിവുണ്ടായി. ഓഗസ്റ്റ് മുതലാണ് വൈദ്യുതി ഉപഭോഗത്തില്‍ കുറവനുഭവപ്പെട്ട് തുടങ്ങിയത്.
വ്യാവസായിക മേഖലകളായ മഹാരാഷ്ട്ര, തമിഴ്‌നാട്, വാഹന- തുണിത്തര- രാസവസ്തുനിര്‍മ്മാണകേന്ദ്രമായ ഗുജറാത്ത് എന്നിവിടങ്ങളിലും വൈദ്യുതാവശ്യത്തിലും ഉപഭോഗത്തിലും കുറവ് രേഖപ്പെടുത്തി.

വ്യാവസായിക മേഖലയിലെ മാന്ദ്യമാണ് വൈദ്യുതാവശ്യത്തിന് കുറവ് വന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം. കാലവര്‍ഷം നീണ്ടത് കാര്‍ഷികമേഖലയില്‍ ജലസേചന ആവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നതിലും കുറവ് വരുത്തി.

മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വ്വീസ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് സ്ഥിരതയില്‍ നിന്നും നെഗറ്റീവായി വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പുറത്തുവരുന്നത്. മന്ദഗതിയിലുള്ള സമ്പദ്‍വ്യവസ്ഥ, വായ്പ പ്രതിസന്ധി, പൊതു കടം ഉയരുന്നത് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു റേറ്റിങ് വെട്ടിക്കുറച്ചത്.