മുംബൈ: ഒളിവിൽ പോയ നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയെന്ന് പ്രത്യേക കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് വീടുകൾ വിറ്റേക്കുമെന്ന് വിവരം. മുംബൈ കല ഘോഡയിലുള്ള റിഥം ഹൗസ്, വോർലി റെസിഡൻസ് എന്നിവ വിൽക്കുമെന്നാണ് വിവരം.

കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി, വിൽപ്പനയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിക്കും. ജനുവരി 10നാണ് കേസ് അടുത്തതായി വാദം കേൾക്കാൻ വച്ചിരിക്കുന്നത്. ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കിൽ ഈ വീടുകൾ സർക്കാരിന്റെ ഉടമസ്ഥതയിലാവുകയും അധികം വൈകാതെ ലേലത്തിലൂടെ വിൽക്കുകയും ചെയ്യും.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ വായ്പ നേടിയെടുത്ത്, പണം തിരിച്ചടക്കാതെ മുങ്ങിയ കേസിലെ പ്രതികളാണ് നീരവ് മോദി അടക്കമുള്ളവർ എന്നാൽ കഴിഞ്ഞ വർഷം ജനുവരി ഒന്നിന് രാജ്യം വിട്ട നീരവ് മോദി പിന്നീടിത് വരെ ഇന്ത്യയിൽ വന്നിട്ടില്ല. ലണ്ടനിൽ വച്ച് ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.