ഇപിഎഫിൻ്റെ പലിശ കൂട്ടി സിബിടി. ധനമന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പലിശ 8  കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ദില്ലി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2023-24 ലെ പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് 8.25% പലിശ നല്കാൻ ശുപാർശ ചെയ്യും. മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. കേന്ദ്രം അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും.

നിലവിൽ 8.15 ശതമാനമാണ് പലിശ. 2023 മാർച്ചിൽ, ഇപിഎഫ്ഒ ഇപിഎഫിൻ്റെ പലിശ നിരക്ക് 2021-22 ലെ 8.10 ശതമാനത്തിൽ നിന്ന് 2022-23 ലെ 8.15 ശതമാനമായി ഉയർത്തി. അതേസമയം, നേരത്തെ 2022 മാർച്ചിൽ, 2021-22 ലെ ഇപിഎഫിൻ്റെ പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചിരുന്നു, ഇത് 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്, ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്നു.

2023-24 ലേക്ക് 8.25 ശതമാനം പലിശ നിരക്ക് നൽകാനുള്ള തീരുമാനം ഇന്ന് നടന്ന യോഗത്തിൽ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എടുത്തു. ഇനി ഇത് ധനമന്ത്രാലയത്തിന് സമ്മതത്തിനായി സമർപ്പിക്കും. സർക്കാർ അംഗീകരിച്ചുകഴിഞ്ഞാൽ, പലിശ നിരക്ക് ആറ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.