ദില്ലി: രാജ്യത്തെ കയറ്റുമതി രംഗത്ത് തുടർച്ചയായ അഞ്ചാമത്തെ മാസവും ഇടിവ്. 2019 ഡിസംബറിൽ 1.8 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 27.36 ബില്യൺ ഡോളറാണ് ഡിസംബറിലെ കയറ്റുമതിയുടെ ആകെ മൂല്യം. കേന്ദ്ര വാണിജ്യ
മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.

ഇറക്കുമതിയിലും ഇടിവുണ്ടായി. 8.83 ശതമാനമാണ് ഇറക്കുമതിയിലുണ്ടായ ഇടിവ്. ആകെ 38.61 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതോടെ വ്യാപാരക്കമ്മി 11.25 ബില്യൺ ഡോളറായി. 2018 ഡിസംബറിലെ വ്യാപാരക്കമ്മി14.49 ബില്യൺ ഡോളറായിരുന്നു.

എണ്ണ ഇറക്കുമതി 0.83 ശതമാനം കുറഞ്ഞ് 10.69 ബില്യൺ ഡോളറിന്റേതായി. സ്വർണ്ണ ഇറക്കുമതിയിൽ നാല് ശതമാനം ഇടിവുണ്ടായി. 2.46 ബില്യൺ ഡോളറിന്റെ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.96 ശതമാനം ഇടിഞ്ഞ് 239.29 ബില്യൺ ഡോളറിലേക്കെത്തി. ഇതേ കാലയളവിൽ ഇറക്കുമതിയിൽ 8.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി 357.39 ബില്യൺ ഡോളറിന്റേതായിരുന്നു.