തിരുപ്പൂരിലും സൂറത്തിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കയറ്റുമതിക്കാരുടെ അസോസിയേഷനുകളും മറ്റും തൊഴിലാളികളുടെ ഭീതിയകറ്റാനും അവരെ തൊഴില്‍ സ്ഥലത്ത് നിലനിര്‍ത്താനും ശ്രമം തുടങ്ങി. 

ദില്ലി: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടിയുമായി കയറ്റുമതി ഹബ്ബുകള്‍. കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതാവുന്നത് പ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ഫാക്ടറികള്‍ വിട്ട് പോകരുതെന്ന് തൊഴിലാളികള്‍ക്ക് അറിയിപ്പ് കൊടുത്തത്.

ടെക്‌സ്‌റ്റൈല്‍, ചെരിപ്പ്, ആഭരണ നിര്‍മ്മാണ മേഖലകളില്‍ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് വലിയ തിരിച്ചടി നേരിട്ടതിന്റെ അനുഭവത്തിലാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. 

തിരുപ്പൂരിലും സൂറത്തിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കയറ്റുമതിക്കാരുടെ അസോസിയേഷനുകളും മറ്റും തൊഴിലാളികളുടെ ഭീതിയകറ്റാനും അവരെ തൊഴില്‍ സ്ഥലത്ത് നിലനിര്‍ത്താനും ശ്രമം തുടങ്ങി. ഐഐഎം ബെംഗളുരുവിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം സൂറത്തില്‍ മാത്രം 42 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഗുജറാത്തിലെ 33 ജില്ലകളില്‍ നിന്നുള്ളവരും മറ്റ് 21 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിലുണ്ട്.

എന്നാല്‍ നാട്ടിലേക്ക് തിരികെ പോകാതിരിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നാട്ടിലേക്ക് പോകാതിരിക്കുന്നത് ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും വരുമാനം നേടാനുള്ള ആവശ്യമായതിനാലാണ് ഇതെന്നാണ് വിശദീകരണം.