ഉയർന്ന വരുമാനം ലഭിക്കാൻ എവിടെ നിക്ഷേപിക്കണമെന്നുള്ള സംശയവും ഉയരുന്നുണ്ട്.
രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ നിക്ഷേപകർക്ക് എവിടെ നിക്ഷേപിക്കണമെന്നഉള്ള സംശയം ഉണ്ട്. അതുപേലെതന്നെ ഉയർന്ന വരുമാനം ലഭിക്കാൻ എവിടെ നിക്ഷേപിക്കണമെന്നുള്ള സംശയവും ഉയരുന്നുണ്ട്. യാഥാസ്ഥിതിക നിക്ഷേപകരാണ് പൊതുവെ സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റ് കൂടുതലായി ചെയ്യുന്നത്. സുരക്ഷയ്ക്കും ഉറപ്പിനും വേണ്ടിയാണ് അവർ ഫിക്സഡ് ഡെപ്പോസിറ്റിനെ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഏപ്രിൽ 9 ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനുശേഷം മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് 6.6 മുതൽ 6.7 ശതമാനം വരെയാണ് വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, കേന്ദ്ര സർക്കാറിൻ്റെ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികൾ 7.5 മുതൽ 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപിക്കാൻ ഏതാണ് ഉചിതമെന്ന് പരിശോധിക്കാം.
സ്ഥിര നിക്ഷേപങ്ങൾ
രാജ്യത്തെ പ്രധാന ബാങ്കുകളയെടുക്കുമ്പോൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.7 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് 6.6 ശതമാനം പലിശയും, ഐസിഐസിഐ ബാങ്ക് 6.7 ശതമാനവും, കൊട്ടക് മഹീന്ദ്ര ബാങ്ക് 7.1 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ചെറുകിട സമ്പാദ്യ പദ്ധതി
പോസ്റ്റ് ഓഫീസ് സ്കീമുകൾ ആണ് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതി. പക്ഷേ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോൾ മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന്, നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ്, ഇതിൽ ഒരു വർഷത്തെ ടൈം ഡെപ്പോസിറ്റ് ചെയ്യുന്നവർക്ക് 6.9 ശതമാനം പലിശ ലഭിക്കും. എന്നാൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്കുള്ള നിക്ഷേപക്കിന് 7 ശതമാനവും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനവുമാണ് പലിശ. അതേസമയം, മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതികളിൽ 8.2 ശതമാനം പലിശ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ പ്രതിവർഷം 7.1 ശതമാനവും സുകന്യ സമൃദ്ധി യോജനയിൽ 8.2 ശതമാനവും പലിശ ലഭിക്കും. ദേശീയ സേവിംഗ്സ് സ്കീം പ്രതിവർഷം 7.7 ശതമാനവും കിസാൻ വികാസ് പത്ര പ്രതിവർഷം 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
നികുതി ആനുകൂല്യം
ഇനി നികുതി ആനുകൂല്യം പരിശോധിക്കുകയാണെങ്കിൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിൽ നികുതി ആനുകൂല്യം ലഭിക്കില്ല.
