അടുത്തിടെയായി ചില ട്രേഡ് യൂണിയനുകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ മൂലം വ്യാപാര സ്ഥാപനങ്ങൾക്ക് എണ്ണമറ്റ നഷ്ടം സൃഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊച്ചി: വൈദ്യുതി ബോർഡിൽ കെ എസ് ഇ ബി (KSEB) ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ ചെയർമാന്റെ അച്ചടക്ക നടപടിക്കെതിരെ അനിശ്ചിതകാല സമരം തുടരുന്ന ട്രേഡ് യൂണിയൻ നടപടികളിൽ ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സംസ്‌ഥാനത്തെ വ്യവസായ, വാണിജ്യ സമൂഹം ഒറ്റക്കെട്ടായി സമരത്തെ എതിർക്കുന്നതായി ഫിക്കി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്തിടെയായി ചില ട്രേഡ് യൂണിയനുകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ മൂലം വ്യാപാര സ്ഥാപനങ്ങൾക്ക് എണ്ണമറ്റ നഷ്ടം സൃഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവ നിയന്ത്രിക്കുകയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും വേണം.

കഴിഞ്ഞ മാസം 28,29 തീയതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് 4500 കോടി രൂപയുടെ നഷ്ടമാണ് സംസ്‌ഥാനത്തിനുണ്ടാക്കിയത്. കേന്ദ്ര, സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങളുടേത് അടക്കം സംസ്‌ഥാനത്തെ വാണിജ്യ, വ്യവസായ സ്‌ഥാപനങ്ങളെല്ലാം സ്തംഭിച്ചു. ഇനിയും പണിമുടക്കുകൾ താങ്ങാവുന്ന സാഹചര്യത്തിലല്ല കേരളത്തിലെ വാണിജ്യ, വ്യവസായ സംരംഭങ്ങൾ. 

കോവിഡിന് ശേഷം വാണിജ്യ, വ്യവസായ മേഖല സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സാമ്പത്തിക സ്‌ഥിതി കൂടി കണക്കിലെടുത്ത് വൈദ്യുതി ബോർഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിൻവലിക്കണമെന്ന് ഫിക്കി തൊഴിലാളി സംഘടനകളോട് ആവശ്യപ്പെട്ടു. 

 കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ വലിയ മുന്നേറ്റം നടത്തുകയും വ്യവസായ/വ്യാപാര സംഘടനകളുടെ പിന്തുണയോടെ സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദൂരവ്യാപകമായ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പണിമുടക്ക് പോലെയുള്ള സമരരീതികൾ ഒഴിവാക്കപ്പെടേണ്ടതാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉദ്യോഗസ്ഥ സമൂഹവും ജീവനക്കാരും വാണിജ്യ, വ്യവസായ മേഖല ഉൾപ്പെടെയുള്ളവർ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. .

സംസ്ഥാനത്തുടനീളം വ്യാപാര /വാണിജ്യ/ വ്യാവസായിക പ്രവർത്തനങ്ങളെയും സ്തംഭിപ്പിക്കുകയും പൊതു ജനങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന അക്രമ സമരങ്ങളും പണിമുടക്കുകളും ഹർത്താലുകളും ന്യായീകരിക്കേണ്ടതുണ്ടോ എന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതൃത്വവും സർക്കാരും പുനർവിചിന്തനം നടത്തണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർ ദീപക് എൽ അസ്വാനി കോ ചെയർ ഡോ.എം.ഐ. സഹദുള്ള എന്നിവർ ആവശ്യപ്പെട്ടു.