മുംബൈ: എടിഎം ഇടപാടുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് പണം തിരികെ ലഭിക്കാനുള്ള സമയപരിധി ഉള്‍പ്പെടുന്നതാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. നിശ്ചിത ദിവസത്തിനകം പണം ഉപഭോക്താവിന് തിരികെ ലഭിച്ചില്ലെങ്കില്‍ ഒരു ദിവസം 100 രൂപ വീതം ബാങ്ക് ഉപഭോക്താവിന് പിഴയായി നല്‍കണം. ഐഎംപിഎസ്, യുപിഐ, ഇ വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പണം തിരികെ അക്കൗണ്ടുടമയ്ക്ക് ലഭിക്കുന്നതിന് അഞ്ചുദിവസത്തെ സമയപരിധിയാണ് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്നത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് നല്‍കണം. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരു ദിവസമാണ് കാലാവധി. അതിന് ശേഷം ദിവസവും 100 രൂപ പിഴ നല്‍കണം. യുപിഐ വഴി ഷോപ്പിങ് നടത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്ത പണം കച്ചവടക്കാരന് ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസത്തിനകം പണം തിരികെ നല്‍കണം. അല്ലെങ്കില്‍ 100 രൂപ വീതം കച്ചവടക്കാരന് പിഴയായി നല്‍കണം. 

എടിഎം ഇടപാടുകള്‍ നത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ആകുന്നതും എന്നാല്‍ ഉപഭോക്താവിന് ലഭിക്കാതെ വരുന്നതുമായ സാഹചര്യങ്ങള്‍ കൂടുതലാണ്. ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാലാണ് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പരാതി വ്യാപകമായതോടെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. ഉപഭോക്താവിന്‍റേതല്ലാത്ത കാരണം കൊണ്ടാണ് പണമിടപാട് തടസ്സപ്പെടുന്നതെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.