ദില്ലി: രാജ്യത്ത് സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 ൽ സർവീസ് ആരംഭിക്കാനാണ് റെയിൽവെ ബോർഡ് യോഗത്തിന്റെ തീരുമാനം. ചെയർമാൻ വിനോദ് കുമാർ യാദവാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 2024 ൽ സർവീസ് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ ജൂലൈ രണ്ടിന് ചെയർമാൻ പറഞ്ഞത് ഏപ്രിൽ 2023 ഓടെ സ്വകാര്യ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ്. രാജ്യത്തിന് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ 151 അത്യാധുനിക ട്രെയിനുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

അടുത്ത നാല് വർഷം കൊണ്ട് ഇന്ത്യൻ റെയിൽവെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ മുന്നേറും. ചരക്ക് ഇടനാഴിയടക്കം പൂർത്തിയാകും. വേഗത വർധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും റെയിൽവെയെ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. 

ഏറ്റവും കൂടുതൽ ട്രയിൻ സാന്ദ്രതയുള്ള റൂട്ടുകളിൽ വേഗത 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്താനാവുമെന്നാണ് പ്രതീക്ഷ. 2024 മാർച്ച് മാസത്തോടെ ഏറ്റവും തിരക്കേറിയ 34462 കിലോമീറ്റർ പാതയിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തിരക്ക് കുറയ്ക്കാൻ സാധിക്കും. ഈ ഘട്ടത്തിൽ സ്വകാര്യ ട്രെയിനുകൾ അവതരിപ്പിക്കാനാണ് തീരുമാനം.