പേര് സൂചിപ്പിക്കുന്നത് പോലെ, ഫണ്ട് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഈ ലോണുകള്‍ ഏറെ സൗകര്യങ്ങളുള്ളവയാണ്

പേഴ്സണല്‍ ലോൺ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ പലരും ആദ്യം എടുക്കുക. എന്നാൽ ഉയർന്ന പലിശ പലരെയും വലച്ചേക്കാം. എന്നാല്‍ നേരത്തെ അനുവദിക്കപ്പെട്ട വായ്പകളില്‍ നിന്ന് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാന്‍ സാധിച്ചാലോ..അതും പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍. ഇവയാണ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍. പേര് സൂചിപ്പിക്കുന്നത് പോലെ, ഫണ്ട് ഉപയോഗത്തിന്‍റെ കാര്യത്തില്‍ ഈ ലോണുകള്‍ ഏറെ സൗകര്യങ്ങളുള്ളവയാണ്. ഒരു നിശ്ചിത വായ്പാ പരിധി അനുവദിക്കുകയും ആവശ്യമുള്ളപ്പോള്‍ തുക ഉപയോഗിക്കുകയും ചെയ്യാം. അനുവദിച്ച ലോണ്‍ പരിധിക്കുള്ളില്‍ ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കാതെ തന്നെ എത്ര തവണ വേണമെങ്കിലും വായ്പ ലഭിക്കും. ഇതുകൂടാതെ, ഫ്ലെക്സി പേഴ്സണല്‍ ലോണുകള്‍ക്ക് ആവശ്യമായ രേഖകള്‍ ഒരു തവണ മാത്രമേ സമര്‍പ്പിപ്പിച്ചാല്‍ മതി.

ഒരു ഫ്ലെക്സി വ്യക്തിഗത വായ്പ, ബാങ്കുകള്‍ നല്‍കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന് സമാനമാണ്. ഇത്തരത്തിലുള്ള ലോണില്‍, ആവശ്യമുള്ളപ്പോഴെല്ലാം വായ്പാ പരിധിയില്‍ നിന്ന് വായ്പ തുക പിന്‍വലിക്കാം. വായ്പ എടുത്തവര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച വായ്പാതുക ഘട്ടം ഘട്ടമായി നല്‍കുന്നതാണ് ഫ്ലെക്സി പേഴ്സണല്‍ ലോണുകള്‍ . ഉപയോഗിച്ച തുകയ്ക്ക് മാത്രമേ പലിശ കണക്കാക്കൂ എന്നതിനാല്‍, പരമ്പരാഗത വ്യക്തിഗത വായ്പകളേക്കാള്‍ ഇത് കൂടുതല്‍ ഗുണകരമാണ്.വായ്പ എടുക്കുന്നവര്‍ക്ക് ആവശ്യാനുസരണം പണം എടുക്കാനും ഏത് സമയത്തും അത് തിരികെ നല്‍കാനും സാധിക്കും. അപ്രതീക്ഷിത ചെലവുകളാണെങ്കിലും മുന്‍ കൂട്ടി അറിയാവുന്ന ചെലവുകളാണെങ്കിലും ഈ വായ്പാ തുക വിനിയോഗിക്കാം.

ഫ്ലെക്സി പേഴ്സണല്‍ ലോണിന്‍റെ പ്രധാന നേട്ടങ്ങള്‍

വായ്പാത്തുകയുടെ ലഭ്യത: കടം വാങ്ങുന്നയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം.
തിരിച്ചടവ് : സാമ്പത്തിക സ്ഥിതി അനുസരിച്ച് തുക എപ്പോള്‍ വേണമെങ്കിലും തിരിച്ചടയ്ക്കാം.
ഒന്നിലധികം പിന്‍വലിക്കലുകള്‍: അധിക നിരക്കുകളില്ലാതെ അംഗീകൃത പരിധിക്കുള്ളില്‍ നിരവധി തവണകളായി പണം പിന്‍വലിക്കാം
കുറഞ്ഞ പലിശ നിരക്കുകള്‍: കടം വാങ്ങിയ തുകയ്ക്കും കടം വാങ്ങിയ കാലയളവിനും മാത്രം പലിശ നിരക്ക്
ജാമ്യം ആവശ്യമില്ല: ഈടായി ഏതെങ്കിലും ആസ്തികള്‍ പണയം വയ്ക്കാതെ ഈ സൗകര്യം ഉപയോഗിക്കാം
പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രമേ പലിശഈടാക്കൂ.
ഫണ്ടുകളുടെ വിനിയോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല.

ഫ്ലെക്സി വായ്പയ്ക്കുള്ള യോഗ്യതാ മാനദണ്ഡം

സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളും മാസവരുമാനക്കാരും ഈ വായ്പയെടുക്കുന്നതിന് യോഗ്യരാണ്.

ഫ്ലെക്സി-വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകള്‍

ഫ്ലെക്സി വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകള്‍ വായ്പ നല്‍കുന്ന സ്ഥാപനത്തെ ആശ്രയിച്ചിരിക്കും, എന്നാല്‍ ചില പ്രധാന രേഖകള്‍ എല്ലാ സ്ഥാപനങ്ങളും ആവശ്യപ്പെടും.

തിരിച്ചറിയല്‍ തെളിവ്: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.

വിലാസ തെളിവ്: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, യൂട്ടിലിറ്റി ബില്‍, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.

വരുമാന തെളിവ്: ശമ്പള സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്‍റ്, അല്ലെങ്കില്‍ ഫോം 16 (ശമ്പളക്കാരായ വ്യക്തികള്‍ക്ക്), ബാങ്ക് സ്റ്റേറ്റ്മെന്‍റ്, ഐടിആര്‍, ബിസിനസ് പ്രൂഫ് അല്ലെങ്കില്‍ ബാലന്‍സ് ഷീറ്റ് (സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക്).