ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ഫ്‌ലിപ്കാര്‍ട്ട്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ നിലവിലെ ഭീമന്മാർക്ക് വെല്ലുവിളിയാകുന്ന ഈ നീക്കം, പ്രത്യേക ആപ്പിലൂടെയും ഫ്ലിപ്പ്കാർട്ട് ആപ്പിലൂടെയും ലഭ്യമാകും. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് രാജ്യവ്യാപകമായി സേവനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍ ഈ രംഗം ഭരിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നിവര്‍ക്ക് വലിയൊരു വെല്ലുവിളിയാകും ഈ നീക്കം. തുടക്കത്തില്‍ ചെറിയ തോതിലാകും സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ മനസിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും രാജ്യവ്യാപകമായി ഇത് വിപുലീകരിക്കുക.

പ്രത്യേക ആപ്പും ഫ്‌ലിപ്കാര്‍ട്ട് ആപ്പും

പ്രത്യേക ആപ്പിലൂടെയും നിലവിലുള്ള ഫ്‌ലിപ്കാര്‍ട്ട് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഫുഡ് ഡെലിവറി സേവനം ഉപയോഗിക്കാനാകും. എന്നാല്‍ ഈ സേവനത്തിന് എന്ത് പേരിടുമെന്നോ ഏത് നഗരത്തിലാകും ആദ്യമായി തുടക്കം കുറിക്കുകയെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.കേന്ദ്ര സര്‍ക്കാരിന്റെ 'ഒഎന്‍ഡിസി' പ്ലാറ്റ്ഫോമുമായി സഹകരിച്ചാകും ഫ്‌ലിപ്കാര്‍ട്ട് ഇത് നടപ്പിലാക്കുകയെന്നാണ് സൂചന. എന്നാല്‍ ഇതിന്റെ ബിസിനസ് ഘടനയെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് തയ്യാറായിട്ടില്ല.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലക്ഷ്യം

മറ്റ് കമ്പനികളോട് എങ്ങനെ മത്സരിക്കും എന്നതിനേക്കാള്‍, ഉപഭോക്താക്കള്‍ക്ക് തികച്ചും പുതിയ എന്തെങ്കിലും നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുള്ള മേഖലകളില്‍ മാത്രമാണ് ഫ്‌ലിപ്കാര്‍ട്ട് പ്രവേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളും ഫ്‌ലിപ്കാര്‍ട്ടിലും ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനാകുന്ന രീതിയില്‍ വലിയൊരു റെസ്റ്റോറന്റ് ശൃംഖല കെട്ടിപ്പടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കടുപ്പമേറിയ മത്സരം വരുന്നു

ഫ്‌ലിപ്കാര്‍ട്ടിന്റെ വരവോടെ ഇന്ത്യയിലെ ഫുഡ് ഡെലിവറി രംഗത്ത് മത്സരം കൂടുതല്‍ ശക്തമാകും. നിലവില്‍ എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയും സ്വിഗിയുമാണ് ഈ രംഗത്തെ പ്രധാനികള്‍. വലിയ ഉപഭോക്തൃ ശൃംഖല, ശക്തമായ ഡെലിവറി നെറ്റ്വര്‍ക്ക്, വളര്‍ന്നുവരുന്ന 'ക്വിക് കൊമേഴ്‌സ്' ബിസിനസ് എന്നിവയുടെ പിന്‍ബലത്തില്‍ ഈ രംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ലിപ്കാര്‍ട്ട്.