ദില്ലി: ഇ-കൊമേഴ്സിനെ ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട സങ്കേതമാക്കി വളർത്തിയതിൽ ഫ്ലിപ്കാർട്ട് വഹിച്ച പങ്ക് ചെറുതല്ല. അത്രത്തോളം തന്നെ നേട്ടവും കമ്പനിക്ക് അതിൽ നിന്നുണ്ടായിട്ടുണ്ട്. പക്ഷെ ഇമ്മാതിരി ഒരബദ്ധം സംഭവിച്ചാൽ കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത സകല സൽപ്പേരും കളഞ്ഞുകുളിക്കും എന്നല്ലാതെ മറ്റെന്ത് സംഭവിക്കാനാണ്?

ഇപ്പോഴിതാ സ്വയം കുഴിച്ചൊരു കുഴിയിൽ വീണിരിക്കുകയാണ് ഫ്ലിപ്കാർട്ട്. നാഗാലാന്റിൽ നിന്നുള്ള ഉപഭോക്താവിനോട് ഇന്ത്യക്ക് പുറത്ത് സാധനങ്ങൾ ഡെലിവർ ചെയ്യാനാവില്ലെന്ന് പറഞ്ഞ സർവീസ് എക്സിക്യുട്ടീവാണ് പണി പറ്റിച്ചത്. എന്തുകൊണ്ടാണ് നാഗാലാന്റിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാത്തതെന്നായിരുന്നു ഫ്ലിപ്കാർട്ടിന്റെ ഫെയ്സ്ബുക്ക് പേജിലെത്തിയ നാഗാലാന്റുകാരനായ ഒരാളുടെ ചോദ്യം. അതിന് നൽകിയ മറുപടിയിലാണ് ഇന്ത്യക്ക് പുറത്ത് ഡെലിവർ ചെയ്യില്ലെന്ന് ഫ്ലിപ്കാർട്ട് മറുപടി പറഞ്ഞത്. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞ ഉടൻ തന്നെ മാപ്പും ചോദിച്ചു. 

എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയി. നാഗാലാന്റിലെ പ്രമുഖ മാധ്യമമായ ദിമാപൂർ ടുഡെ സംഭവം റിപ്പോർട്ട് ചെയ്തു. ഇതോടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയടക്കം വലിയൊരു വിഭാഗം ഇന്ത്യാക്കാർ ഫ്ലിപ്കാർട്ടിൽ വിഷയം ഉയർത്തി ചർച്ച തുടങ്ങി. വിവാദം എങ്ങിനെയെങ്കിലും ഒന്ന് കെട്ടടങ്ങിയാൽ മതിയെന്നാണ് ഇപ്പോൾ കമ്പനി ചിന്തിക്കുന്നത്.