മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ പ്രകാരം ഒക്ടോബർ 16 ന് അവസാനിച്ച ആഴ്ചയിൽ 3.615 ബില്യൺ ഡോളർ ഉയർന്ന് രാജ്യത്തെ വിദേശനാണ്യ ശേഖരം 555.12 ബില്യൺ ഡോളറിലെത്തി. വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യയു‌ടെ ഏക്കാലത്തെയും ഉയർന്ന നേട്ടമാണിത്.

2020 ഒക്ടോബർ 9 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 5.867 ബില്യൺ ഡോളർ വർദ്ധിച്ച് 551.505 ബില്യൺ ഡോളറിലെത്തിയിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ധനത്തിന്റെ പ്രധാന ഘടകമായ ഫോറിൻ കറൻസി അസറ്റുകളുടെ (എഫ്സിഎ) കുത്തനെയുളള ഉയർച്ചയാണ് റിപ്പോർട്ട് ചെയ്തത്. എഫ്സിഎ 3.539 ബില്യൺ ഡോളർ ഉയർന്ന് 512.322 ബില്യൺ ഡോളറിലെത്തി.

ഡോളർ അടിസ്ഥാനത്തിൽ എഫ്സിഎകളിൽ വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകർച്ചയുടെയോ ഫലം ഉൾപ്പെടുന്നു. റിപ്പോർട്ടിംഗ് ആഴ്ചയിൽ സ്വർണ്ണ ശേഖരം 86 മില്യൺ ഡോളർ ഉയർന്ന് 36.685 ബില്യൺ ഡോളറിലെത്തി.

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.480 ബില്യൺ ഡോളറായി മാറ്റമില്ലതെ തുടരുന്നു. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതൽ സ്ഥാനം 11 മില്യൺ ഡോളർ കുറഞ്ഞ് 4.634 ബില്യൺ ഡോളറിലെത്തി.