Asianet News MalayalamAsianet News Malayalam

Money Related changes 2022 : സൂക്ഷിച്ചാൽ പണം കൈയ്യിലിരിക്കും, അല്ലെങ്കിൽ ബാങ്കെടുക്കും; 2022 ലെ 6 മാറ്റങ്ങൾ ഇവ

എടിഎം കാർഡ് ഉപയോഗം മുതൽ ലോക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വരെയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാനും സാധ്യതകളേറെ

From higher ATM charges to new bank locker rules: 6 money-related changes that will kick in from Jan 1
Author
Thiruvananthapuram, First Published Dec 30, 2021, 9:47 PM IST

ദില്ലി: രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതിൽ എടിഎം കാർഡ് ഉപയോഗം മുതൽ ലോക്കൽ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വരെയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അതിനാൽ തന്നെ പണം നഷ്ടപ്പെടാനും സാധ്യതകളേറെയാണ്.

1. എടിഎം ഇടപാടിന് ചെലവേറും

2022 ജനുവരി ഒന്ന് മുതൽ സൗജന്യ എടിഎം ഇടപാടുകൾക്ക് പുറത്തുള്ള ഓരോ ഇടപാടിനും ബാങ്ക് ഈടാക്കുന്ന ഫീസ് വർധിപ്പിച്ചിട്ടുണ്ട്. അത് ബാലൻസ് ചെക്ക് ചെയ്യുന്നതായാലും പണം പിൻവലിക്കുന്നതായാലും ഇനി കൂടുതൽ തുക നൽകേണ്ടി വരും. സൗജന്യ ഇടപാട് കഴിഞ്ഞാൽ നേരത്തെ ഇടപാടിന് 20 രൂപ കൊടുത്തിരുന്ന സ്ഥാനത്ത് 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടി വരിക. സ്വന്തം ബാങ്കിന്റെ എടിഎം വഴി അഞ്ചാണ് സൗജന്യ ഇടപാട് പരിധി. മറ്റ് ബാങ്കുകളാണെങ്കിൽ മെട്രോ നഗരത്തിൽ മൂന്ന് തവണയും നോൺ മെട്രോ നഗരങ്ങളിൽ അഞ്ച് തവണയും സൗജന്യമായി എടിഎം ഇടപാട് നടത്താം.

2. ലോക്കർ ചട്ടങ്ങളിലെ മാറ്റം

ഇനി ലോക്കർ സാധനങ്ങൾ കളവ് പോയാലോ നഷ്ടപ്പെട്ടാലോ ബാങ്കുകൾക്ക് ഉപഭോക്താക്കളെ കൈയ്യൊഴിയാനാവില്ല. ലോക്കറുകളുടെ വാർഷിക വാടകയുടെ 100 മടങ്ങ് തുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾ ഉപഭോക്താവിന് നൽകേണ്ടി വരിക. ലോക്കറിലെ ഉള്ളടക്കത്തിന് പരിരക്ഷ ഉറപ്പാക്കുന്നതിന് ബാങ്ക് ഉത്തരവാദിത്തമില്ലെന്ന് ഉപഭോക്താക്കളെ ബാങ്കുകൾ തന്നെ അറിയിക്കണം. ലോക്കർ സാധനങ്ങൾ വിൽക്കാൻ ബാങ്കിന് സാധിക്കില്ല.

3. ജിഎസ്ടി ചട്ടങ്ങളിൽ മാറ്റം

വസ്ത്രങ്ങൾ, തുണികൾ, ചെരുപ്പുകൾ തുടങ്ങിയവയുടെ വിലയിലെ ജിഎസ്ടി പരിധി ഉയർത്തിയത് ജനുവരി ഒന്ന് മുതൽ നിലവിൽ വരും. 2022 ജനുവരി ഒന്ന് മുതൽ ഈ ഉൽപ്പന്നങ്ങൾക്ക് 12 ശതമാനമാണ് ജിഎസ്ടി. അഞ്ച് ശതമാനമായിരുന്നു നേരത്തെ ജിഎസ്ടി. ഓട്ടോറിക്ഷയിലെ പാസഞ്ചർ സേവനത്തിന് ജിഎസ്ടി ഇളവ് തുടരും. എന്നാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയുള്ള ഇത്തരം സേവനങ്ങൾക്ക് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരും.

4. ഇപിഎഫിലെ നയംമാറ്റം

അക്കൗണ്ട് ഉടമകൾ ഇപിഎഫ് അക്കൗണ്ടും ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരി ഒന്ന് മുതൽ അക്കൗണ്ടിൽ തൊഴിലുടമ അടയ്ക്ക് പണം നിക്ഷേപിക്കാനാവില്ലെന്നാണ് പുതിയ ചട്ടം. ആധാറും യുഎഎൻ നമ്പറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. 

5. ഇൻകം ടാക്സിൽ പിഴ കുറച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതികൾ ഇക്കുറി രണ്ട് തവണയാണ് നീട്ടിയത്. ജൂലൈ 31 ൽ നിന്ന് സെപ്തംബർ 30 ലേക്കും അവിടെ നിന്ന് ഡിസംബർ 31 ലേക്കുമാണ് നീട്ടിയത്. ഇതുവരെ വൈകി സമർപ്പിക്കുന്ന ഐടി റിട്ടേൺ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ജനുവരി ഒന്ന് മുതൽ പിഴത്തുക കുറയും. ഇത് 5000 രൂപയാക്കിയാണ് കുറച്ചത്. നിങ്ങളുടെ വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ വൈകിയാലും പിഴ ഈടാക്കില്ല.

6. പോസ്റ്റ് ഓഫീസിലെ ബാങ്കിങ്

ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പുതുവർഷത്തിൽ വരുമാനം വർധിപ്പിക്കാൻ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആദ്യ നാല് തവണ നിരക്കീടാക്കില്ലെന്നാണ് തീരുമാനം. പിന്നീടുള്ള 25 ഇടപാടുകൾക്ക് തുകയുടെ 0.50 ശതമാനം ഫീസീടാക്കും. അതേസമയം നിക്ഷേപങ്ങൾക്ക് ഈ ഫീസുണ്ടാവില്ല. ബാങ്ക് ഈടാക്കുന്ന ചാർജ്ജിൽ ജിഎസ്ടിയും ഉണ്ടാവില്ല.

Follow Us:
Download App:
  • android
  • ios