വ്യാജ പരസ്യങ്ങളും തെറ്റായ വിവരങ്ങളും നൽകിയതിന് നെസ്‌ലെ, പെപ്‌സികോ, കോക്കകോള ഉൾപ്പെടെ 150-ലധികം കമ്പനികൾക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). നിയമലംഘനങ്ങളുടെ പേരിൽ ആമസോൺ, ഡൊമിനോസ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചു.
വ്യാജ പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നൽകിയ മുൻനിര ഭക്ഷ്യ- പാനീയ നിർമ്മാണ കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). നെസ്‌ലെ ഇന്ത്യ, പെപ്‌സികോ, കോക്കകോള തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ 150-ലധികം കമ്പനികൾക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിനും നിയമങ്ങൾ ലംഘിച്ച് പരസ്യം നൽകിയതിനുമാണ് എഫ്.എസ്.എസ്.എ.ഐയുട നടപടി. അടുത്ത കാലത്തായി വിപണിയിൽ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങൾ അതോറിറ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
നടപടി നേരിട്ട പ്രമുഖ ബ്രാൻഡുകൾ
നെസ്‌ലെ, പെപ്‌സികോ, കോക്കകോള എന്നിവയ്ക്ക് പുറമെ ആബട്ട് ഇന്ത്യ, റെഡ് ബുൾ, ഡാനോൺ, മോൺസ്റ്റർ എനർജി, ഹെൽ എനർജി, മോണ്ടെലെസ് (കാഡ്ബറി), ഡിയാജിയോ, പെർനോഡ് റിക്കാർഡ്, ഫെറേറോ ഇന്ത്യ, കെൻവ്യൂ തുടങ്ങിയ വൻകിട കമ്പനികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ, മദ്യപാനീയങ്ങൾ എന്നിവ നിർമ്മിക്കുന്ന കമ്പനികളിലാണ് കൂടുതൽ ലംഘനങ്ങൾ കണ്ടെത്തിയത്.
ഇത് കൂടാതെ, നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും 12 നോട്ടീസുകൾ അയച്ചു. കൂടാതെ ആമസോണിന്റെ ഒരു വെയർഹൗസ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കെ.എഫ്.സി, മക്‌ഡൊണാൾഡ്‌സ്, പിസ ഹട്ട്, ഡൊമിനോസ്, കോസ്റ്റ കോഫി തുടങ്ങിയ പ്രമുഖ റസ്റ്റോറന്റ് ശൃംഖലകൾക്ക് 30-ലധികം നോട്ടീസുകൾ നൽകി. മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡൊമിനോസിന്റെ 5 ലൈസൻസുകൾ എഫ്.എസ്.എസ്.എ.ഐ സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കെതിരെയും സമാനമായ രീതിയിൽ നടപടിയെടുത്തിരുന്നതായി അതോറിറ്റി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പല പ്രമുഖ കമ്പനികളും തെറ്റുകൾ തിരുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.


