ദില്ലി: രാജ്യത്ത്  തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും  പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ  നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. 

പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍  വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍  അടുത്ത ആഴ്ചക്ക്  ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ്  എണ്ണ വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

അതേസമയം ഇന്ധനവില വർധനവിനെതിരെ സിപിഎം ഇന്ന്  പ്രതിഷേധ ദിനം ആചരിക്കും. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം. തിരുവന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രധാന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. രാവിലെ 11 മുതല്‍ 12 വരെയാണ്‌ സമരം സംഘടിപ്പിക്കുക.