ആണവോര്‍ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വന്‍കിട അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ചെയര്‍മാന്‍ ഗൗതം അദാനി. ഊര്‍ജ സുരക്ഷയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഡാറ്റാ സെന്ററുകള്‍, തുറമുഖങ്ങള്‍, പ്രതിരോധ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഗ്രൂപ്പ് വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തും.

ആണവോര്‍ജം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വന്‍കിട അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂന്നിയുള്ള അദാനി ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ ഗൗതം അദാനി. വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഊര്‍ജ സുരക്ഷയും സാങ്കേതികവിദ്യയും പരസ്പരം ഇഴചേര്‍ന്നിരിക്കുന്ന പുതിയൊരു ലോകത്തേക്ക് കമ്പനി ചുവടുവെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആണവോര്‍ജ രംഗത്തേക്ക് ചുവടുവെക്കുന്നു

'അദാനി അറ്റോമിക് എനര്‍ജി' എന്ന കമ്പനിയിലൂടെ ഗ്രൂപ്പ് ഔദ്യോഗികമായി ആണവോര്‍ജ മേഖലയിലേക്ക് പ്രവേശിച്ചതായി അദാനി പ്രഖ്യാപിച്ചു. ഇതിനായി ഭൂമി കണ്ടെത്തിക്കഴിഞ്ഞു. 2035 ഓടെ 10 ജിഗാവാട്ട് ആണവോര്‍ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കും ഡാറ്റാ സെന്ററുകള്‍ക്കും തടസമില്ലാതെ 24 മണിക്കൂറും ശുദ്ധമായ ഊര്‍ജം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.

എഐയും ഡാറ്റാ സെന്ററുകളും

2030 ഓടെ ഡാറ്റാ സെന്റര്‍ ബിസിനസില്‍ 3 ജിഗാവാട്ട് ശേഷി കൈവരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിനായി ഗൂഗിളുമായി കരാറില്‍ ഒപ്പുവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജ വിതരണ ശൃംഖലകള്‍, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിച്ചായിരിക്കും ഭാവിയിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 1.5 ലക്ഷം കോടി രൂപയിലധികമാണ് ഗ്രൂപ്പ് നിക്ഷേപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ആകെ പുതിയ മൂലധനച്ചെലവിന്റെ 30 ശതമാനത്തിലധികമാണിത്.

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതി വികസന പദ്ധതികളാണ് അദാനി പവര്‍ നടപ്പിലാക്കുന്നത്. 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്ന ഈ പദ്ധതി വഴി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 45 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഭൂട്ടാനിലെ ഡ്രൂക്ക് ഗ്രീന്‍ പവര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 5,000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

റെക്കോര്‍ഡ് തിരുത്തി വിഴിഞ്ഞം; കരുത്തായി പ്രതിരോധ മേഖല

ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലകളിലെ വന്‍ നേട്ടങ്ങളും അദാനി പങ്കുവെച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനി പോര്‍ട്‌സ് 50 കോടി ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തു. 2030-ഓടെ ഇത് 100 കോടി ടണ്ണായി ഉയര്‍ത്തും. ഗ്രൂപ്പിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ആദ്യ വര്‍ഷം തന്നെ 10 ലക്ഷം ടിഇയു കൈവരിച്ച് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന തുറമുഖങ്ങളിലൊന്നായി മാറിയെന്ന് അദാനി പറഞ്ഞു. പ്രതിരോധ- വ്യോമയാന രംഗത്തും അദാനി ഗ്രൂപ്പ് സാന്നിധ്യം ശക്തമാക്കുകയാണ്. ഹെലികോപ്റ്ററുകളും യാത്രാവിമാനങ്ങളും ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കുന്നതിനായി ലിയോനാര്‍ഡോ, എംബ്രയര്‍ എന്നീ കമ്പനികളുമായി സഹകരിക്കുന്നുണ്ട്.