ഹോം ക്രെഡിറ്റ് ഇന്ത്യയുടെ പുതിയ പഠനമനുസരിച്ച്, സാധനങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിൽ ജെന്‍ സി. ചെലവഴിക്കുന്നതില്‍ മുന്നിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിലും മറ്റ് തലമുറകളെ അപേക്ഷിച്ച് ജെന്‍ സി തന്നെയാണ് മുന്നില്‍. സ്വന്തമായി വീട്, യാത്ര, ബിസിനസ്സ് എന്നിവയാണ് ഇവരുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍.
ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുക്കൂട്ടുന്നതിൽ ജെന്‍- സിക്ക് യാതൊരു മടിയുമില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഹോം ക്രെഡിറ്റ് ഇന്ത്യയുടെ 2026-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ വാലറ്റ്' പഠനത്തിലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സാമ്പത്തിക ഭദ്രതയില്‍ റെക്കോര്‍ഡ് കുതിപ്പ്
പഠനത്തില്‍ പങ്കെടുത്ത 64 ശതമാനം ജെന്‍ സി വിഭാഗക്കാരും പ്രധാനപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡുകളോ ഇഎംഐയോ ആശ്രയിക്കുന്നവരാണ്. പൊതുവായ കണക്കെടുത്താല്‍ 62 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് 63 ശതമാനം പേര്‍ പറയുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളും എളുപ്പത്തില്‍ ലഭിക്കുന്ന വായ്പകളും ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതായി 82 ശതമാനം പേര്‍ വിശ്വസിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന് 85 ശതമാനം പേര്‍ക്കും ഉറപ്പുണ്ട്. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 87 ശതമാനം പേരും.
ചെലവില്‍ പിന്നില്‍, സമ്പാദ്യത്തില്‍ മുന്നില്‍ ജെന്‍ സി
വീട്ടുചെലവുകള്‍ വഹിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ജെന്‍ എക്‌സ് വിഭാഗമാണ്. മില്ലേനിയല്‍സ് 68 ശതമാനവും ജെന്‍ സി 57 ശതമാനവും വീട്ടുചെലവുകള്‍ക്കായി നല്‍കുന്നു. പുരുഷന്മാര്‍ 67 ശതമാനവും സ്ത്രീകള്‍ 52 ശതമാനവുമാണ് ഇതിനായി മാറ്റിവെക്കുന്നത്. എന്നാല്‍ സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ജെന്‍ സി (58%) ആണ്. മില്ലേനിയല്‍സ് (53%), ജെന്‍ എക്‌സ് (44%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. പ്രായം കൂടിയവര്‍ക്ക് കുടുംബഭാരം കൂടുതലുള്ളതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം.
ഇടത്തരം കുടുംബങ്ങളിലെ ശരാശരി മാസവരുമാനം 35,000 രൂപയും അവശ്യ ചെലവുകള്‍ 21,000 രൂപയുമാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വരുമാനവും (38,000 രൂപ) ചെലവുമുള്ളത് (22,000 രൂപ). ടയര്‍-1 നഗരങ്ങളില്‍ ഇത് യഥാക്രമം 33,000 രൂപയും 20,000 രൂപയുമാണ്.
സ്വന്തമായൊരു വീട്, പിന്നെ യാത്രകളും
സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് പലരുടെയും പ്രധാന ലക്ഷ്യം (31%). സ്ത്രീകളില്‍ 40 ശതമാനം പേരും സ്വന്തം വീട് എന്ന ആഗ്രഹമുള്ളവരാണ്. വിനോദങ്ങള്‍ക്കുള്ള ചെലവുകളില്‍ പ്രാദേശിക യാത്രകള്‍ക്കാണ് കൂടുതല്‍ പേരും (26%) പണം കണ്ടെത്തുന്നത്. 22% ജെന്‍ സി പ്രതിനിധികള്‍ സിനിമകള്‍ക്കും, 27% പേര്‍ ദൂരയാത്രകള്‍ക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി പണം ചെലവാക്കുന്നു.
ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 25 ശതമാനമാണ്. ഇതിലും ജെന്‍ സി (31%) ആണ് മുന്നില്‍ (ജെന്‍ എക്‌സ് - 19%). സ്ത്രീകളെ (20%) അപേക്ഷിച്ച് പുരുഷന്മാരാണ് (26%) ബിസിനസ്സ് ചെയ്യാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്.

