വിലപിടിപ്പുള്ള കലാസൃഷ്ടികൾ വാങ്ങുന്നതിൽ പഴയ തലമുറയെക്കാൾ മുന്നിൽ ജെൻ സി വിഭാഗമാണെന്ന് ആർട്ട് ബേസലും യുബിഎസും പുറത്തുവിട്ട റിപ്പോർട്ട്. പരമ്പരാഗത കലാരൂപങ്ങളോട് താല്പര്യം കാണിക്കുന്ന ഇവർ, ഇതിനായി ശരാശരി 3,47,000 ഡോളറാണ് ചെലവാക്കുന്നത്.
വിലപിടിപ്പുള്ള കലാസൃഷ്ടികൾ വാങ്ങുന്നതില്‍ പഴയ തലമുറയെക്കാള്‍ മുന്നില്‍ ജെന്‍ സി ആണെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ട് ബേസലും സ്വിസ് ബാങ്കായ യുബിഎസും പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'ജെന്‍-സി' വിഭാഗത്തിലുള്ളവരാണ് കലാസൃഷ്ടികൾക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത്. 2025-ലും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലുമായി മുതിര്‍ന്ന തലമുറ ചെലവാക്കിയതിന്റെ ഇരട്ടിയിലധികം തുകയാണ് പുത്തന്‍ തലമുറ കലാരൂപങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചത്.
ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയവരില്‍ രണ്ടാം സ്ഥാനത്ത് 62 മുതല്‍ 80 വയസു വരെ പ്രായമുള്ള 'ബേബി ബൂമേഴ്സ്'ആണ്. 30 മുതല്‍ 45 വയസ്സുവരെയുള്ള മില്ലേനിയലുകളാണ് ഇവര്‍ക്ക് തൊട്ടുപിന്നില്‍. കലാരൂപങ്ങള്‍ക്കായി പണം ചെലവാക്കാന്‍ ഏറ്റവും മടികാണിച്ചത് 46 മുതല്‍ 61 വയസ്സുവരെയുള്ള 'ജെന്‍-എക്‌സ്'ആളുകളാണ്. കഴിഞ്ഞ വര്‍ഷം സര്‍വേയില്‍ പങ്കെടുത്ത ജെന്‍-സി വിഭാഗത്തിലുള്ള ഒരാള്‍ ശരാശരി 3,47,000 ഡോളറാണ് കലാസൃഷ്ടികൾക്കായി ചെലവാക്കിയത്. എന്നാല്‍ ജെന്‍-എക്‌സ് വിഭാഗത്തിലുള്ളവര്‍ ഇതിനായി ചെലവാക്കിയത് വെറും 79,000 ഡോളറാണ്.
കുടുംബത്തില്‍ നിന്നുള്ള സ്വാധീനമാണ് തങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് 40 ശതമാനം ജെന്‍-സി ചെറുപ്പക്കാരും പറയുന്നു. പഴയ തലമുറകളെ പോലെ തന്നെ, പുതിയ തലമുറയ്ക്കും പരമ്പരാഗത കലാസൃഷ്ടികളായ ചിത്രരചനകളോടും ശില്‍പങ്ങളോടും തന്നെയാണ് കൂടുതല്‍ താല്പര്യമെന്ന് യുബിഎസ് ഗ്ലോബല്‍ വെല്‍ത്ത് മാനേജ്മെന്റ് പറഞ്ഞു. തങ്ങള്‍ വാങ്ങുന്ന കലാസൃഷ്ടികള്‍ അത്യപൂര്‍വ്വവും സവിശേഷതകളുള്ളതുമായിരിക്കണം എന്നാണ് സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേരും ആഗ്രഹിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ബിസിനസ് ആസ്തികള്‍ എന്നിവ ഒഴിവാക്കി, 2026-ല്‍ ഒരു മില്യണ്‍ ഡോളറിനു മുകളില്‍ ആസ്തിയുള്ള സമ്പന്നരായ വ്യക്തികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ, കലാസൃഷ്ടികൾ വാങ്ങുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. 2024-ല്‍ 4% പേര്‍ മാത്രമാണ് ഇതിനായി എഐ ടൂളുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 22 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.


