Asianet News MalayalamAsianet News Malayalam

അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില കൂടി, ഇന്നത്തെ വില അറിയാം

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ താഴുകയായിരുന്നു

gold rate kerala today
Author
Kochi, First Published Feb 6, 2021, 12:09 PM IST

കൊച്ചി: തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 240 രൂപ കൂടി 35,240 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ താഴുകയായിരുന്നു. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയാണ് കുറഞ്ഞത്. വിലയിടിവുണ്ടായതോടെ ജ്വല്ലറികളിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പഴയ ആഭരണങ്ങളുടെ വില്പനയും സജീവമാണ്. 

കഴിഞ്ഞ വർഷം അവസാനം 42000 രൂപയിൽ വരെ എത്തിയിരുന്ന സ്വർണ വിലയിൽ സമീപകാലത്ത് ഇതാദ്യമായാണ് ഇത്ര വലിയ കുറവുണ്ടാകുന്നത്. ഇന്നത്തെ വിലവർധന താൽക്കാലികമാണെന്നും ഇനിയും വില കുറയുമെന്നുമാണ് വിലയിരുത്തൽ. കഴി‍ഞ്ഞ ഒരാഴ്ചയായി ഉണ്ടാകുന്ന വിലയിടിവ് വിപണിയിൽ ഉണർവുണ്ടാക്കിയെന്നും മുൻകൂർ ബുക്കിംഗ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം കൂടിയതായും വ്യാപാരികളും പറയുന്നു. 

ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചത് വിലക്കുറവിന് കാരണമായെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ഇതുവഴി ഗ്രാമിന് 100 രൂപ മാത്രമേ കുറഞ്ഞിട്ടുള്ളു എന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. അന്താരാഷ്ട തലത്തിൽ സ്വർണ വില കൂപ്പുകുത്തി 1800 ഡോളറിലേക്ക് എത്തിയതും രൂപ കരുത്താർജ്ജിച്ചതും വില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. 

Follow Us:
Download App:
  • android
  • ios