ദില്ലി: ഇന്ത്യയിൽ നടപ്പാക്കി വിജയിച്ച യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് സിസ്റ്റത്തെ കുറിച്ച് വിശദീകരിച്ച് ഗൂഗിൾ, അമേരിക്കൻ ഫെഡറൽ റിസർവ് സിസ്റ്റത്തിന് കത്തയച്ചു. ഡിജിറ്റൽ പേമെന്റ് രംഗത്ത് യുപിഐ ഇടപാടുകളിൽ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലുണ്ടായ കുതിച്ചുചാട്ടം കണക്കാക്കിയാണ് ഇത്.

ഗൂഗിളിന്റെയും അമേരിക്കയിലെയും കാനഡയിലെയും ഗവൺമെന്റ് അഫയേർസ്, പബ്ലിക് പോളിസി കാര്യങ്ങൾക്കായുള്ള വൈസ് പ്രസിഡന്റ് മാർക് ഇസകോവിറ്റ്സാണ് കത്തയച്ചിരിക്കുന്നത്. അമേരിക്കയിൽ വേഗത്തിൽ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം കൈമാറുന്നതിനുള്ള ആർടിജിഎസ്(റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് സർവ്വീസ്) സംവിധാനമായ ഫെഡ് നൗ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് കത്ത്.

ഇന്ത്യയിലെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷനുമായി വളരെ അടുത്ത് പ്രവർത്തിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കിയുള്ളതാണ് കത്ത്. മൂന്ന് വർഷം മുൻപാണ് ഇന്ത്യയിൽ യുപിഐ സംവിധാനം നടപ്പാക്കിയത്. തുടക്കത്തിൽ ഒൻപത് ബാങ്കുകൾ മാത്രമായിരുന്നു ഇതിൽ പങ്കാളികളായത്. ഇന്ന് 140 ബാങ്കുകൾ ഇതിന്റെ ഭാഗമാണ്. ഇത് റിയൽ ടൈം സംവിധാനമാണെന്നും സാങ്കേതിക രംഗത്തെ കമ്പനികൾക്ക് ഇതിനായുള്ള ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ അനുമതിയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തിൽ മാസം ഒരു ലക്ഷം ഇടപാടുകളായിരുന്നു നടന്നതെങ്കിൽ പിന്നീടത് 7.70 കോടിയായും 48 കോടിയായും ഉയർന്നു. ഇപ്പോഴിത് 115 കോടിയാണ്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ പത്ത് ശതമാനമാണ് ഇന്ന് യുപിഐ വഴിയുള്ള ഇടപാടുകൾ. ഇന്ത്യയുടെ യുപിഐ ഇടപാടുകളിൽ ഗൂഗിളിനും വിജയകരമായ പങ്കാളിത്തമുണ്ടെന്ന് കമ്പനി ഈ കത്തിൽ അവകാശപ്പെടുന്നുണ്ട്.

ഇടപാടുകളുടെ എണ്ണം അനുസരിച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്ന് ആപ്ലിക്കേഷനുകളിൽ ഒന്ന് ഗൂഗിൾ പേ ആണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ പേയുടെ പ്രതിമാസ യൂസർ ബേസ് സെപ്തംബറിൽ 6.7 കോടിയായിരുന്നുവെന്നും കമ്പനി കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ യുപിഐ സംവിധാനത്തിന്റെ വിജയകരമായ മാതൃക മനസിലാക്കി നിരവധി നിർദ്ദേശങ്ങളാണ് ഗൂഗിൾ, ഫെഡറൽ റിസർവ് സിസ്റ്റത്തിന് അയച്ച കത്തിൽ കുറിച്ചിട്ടുള്ളത്. ലൈസൻസുള്ള, ധനകാര്യ രംഗത്ത് പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെ കൂടി ഫെഡ് നൗവിൽ പങ്കാളികളാക്കണം എന്നാണ് ആവശ്യം. നിലവിലെ പോളിസി പ്രകാരം അമേരിക്കയിൽ ഗൂഗിൾ പേയ്ക്ക് ഈ ഫെഡ് നൗവിന്റെ ഭാഗമാകാൻ കഴിയില്ല. അതിനാലാണ് ഈ ആവശ്യം  മുന്നോട്ട് വച്ചിരിക്കുന്നത്.