ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് മന്ത്രിതല യോഗം അടുത്തയാഴ്ച ചേരുകയും കമ്പനിയുടെ സ്വാകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്ന തീരുമാനമെടുക്കുകയും ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കിയിരുന്നു. 
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എയര്‍ ഇന്ത്യ കടന്നു പോകുന്നത്. പെട്രോളിയം കമ്പനികള്‍ക്ക് 5000 കോടി രൂപ ഇന്ധന കുടിശ്ശിക വരുത്തിയിരുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയിരുന്നു. 

പ്രതിമാസം 300 കോടി രൂപയാണ് ശമ്പളയിനത്തില്‍ നല്‍കാന്‍ മാത്രം എയര്‍ ഇന്ത്യക്ക് വേണ്ടത്. ഒക്ടോബറിന് ശേഷം ശമ്പളത്തിനും പ്രതിസന്ധിയാകുമെന്നാണ് കണക്കുകൂട്ടല്‍. കേന്ദ്രം ഫണ്ട് നല്‍കാതെ എയര്‍ ഇന്ത്യ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണെന്ന് ചെയര്‍മാന്‍ അശ്വനി ലൊഹാനി കുറ്റപ്പെടുത്തി. 
ഭീമമായ നഷ്ടം സഹിച്ച് എയര്‍ ഇന്ത്യ സര്‍വീസ് തുടരാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം, ഈ വര്‍ഷം മികച്ച പ്രകടനമാണ് എയര്‍ ഇന്ത്യ കാഴ്ചവെച്ചതെന്ന് എയര്‍ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വ്യക്തമാക്കി. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 4,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.  മൊത്തം 55,000 കോടിയാണ് എയര്‍ ഇന്ത്യയുടെ കടം.  വിവിധ സംസ്ഥാനങ്ങളിലുള്ള ആസ്തി വിറ്റ് കടം തീര്‍ക്കാനും എയര്‍ ഇന്ത്യ  ആലോചിക്കുന്നുണ്ട്. കടത്തിലേക്കായി ഏകദേശം 29,000 കോടി രൂപ കേന്ദ്രം നല്‍കിയേക്കും. ചെലവ് കുറച്ച്, വരുമാനം കൂട്ടിയാല്‍ മാത്രമേ കേന്ദ്ര സഹായം നല്‍കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.