നാഗ്‌പൂർ: രാജ്യത്തെ കൽക്കരി ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. അടുത്ത മൂന്ന് -നാല് വർഷങ്ങൾക്കുള്ളിലാണ് കേന്ദ്രം ഇത്രയും തുക നിക്ഷേപിക്കുക. മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ശ്രമം.

ഭൂഗർഭ കൽക്കരി ഖനികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ അദസ -നാഗ്പൂരിലും മധ്യപ്രദേശിലെ ഷർദ, ധൻകസ എന്നിവിടങ്ങളിലുമാണ് ഭൂഗർഭ കൽക്കരി ഖനികൾ തയ്യാറാക്കിയിരിക്കുന്നത്. 849 കോടി രൂപയാണ് ഇതിനായി ആകെ ചെലവഴിച്ചത്.

രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 75 ശതമാനം മുതൽ 80 ശതമാനം വരെ കൽക്കരി ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.2023 -24 കാലത്തേക്ക് ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് ദി കോൾ ഇന്ത്യാ ലിമിറ്റഡിന് നൽകിയിരിക്കുന്ന ടാർജറ്റ്. ഇതിനായി 60 പുതിയ കൽക്കരി ബ്ലോക്കുകളും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.