ദില്ലി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും 35 ലക്ഷത്തിന്റെ ജീവൻ രക്ഷാ പരിരക്ഷ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ പ്രഖ്യാപിച്ചു. മാർച്ച് 24 മുതലുള്ള അടുത്ത ആറ് മാസത്തിനുള്ളിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കിൽ ഇവരുടെ ആശ്രിതർക്ക് 35 ലക്ഷം രൂപ ലഭിക്കും.

താങ്ങുവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് എഫ്സിഐയുടെ ദൗത്യം. കർഷകരിൽ നേരിട്ട് ധാന്യങ്ങൾ ശേഖരിച്ച് റേഷൻ കടകൾ വഴി രാജ്യത്തെ 81 കോടി ഗുണഭോക്താക്കൾക്ക് ഇവർ വിതരണം ചെയ്യുകയാണ്.

നിലവിൽ എഫ്‌സിഐ ഉദ്യോഗസ്ഥർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടാലോ, ബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടാലോ, പ്രകൃതി ക്ഷോഭത്തിൽ മരിച്ചാലോ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കും. അതേസമയം എഫ്‌സിഐയിലെ സ്ഥിരം-കരാർ തൊഴിലാളികൾക്ക് ഈ നഷ്ടപരിഹാരം ലഭിക്കാറില്ല. ഇപ്പോഴത്തെ പദ്ധതിയിൽ ഇവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.