ദില്ലി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഓഹരികള്‍ വില്‍ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടി 25 ശതമാനം ഓഹരികള്‍ ഘട്ടംഘട്ടമായി വില്‍ക്കാനാണ് നീക്കം. ബജറ്റ് ഗ്യാപ് മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടണമെന്ന നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി എല്‍ഐസിയുടെ രൂപീകരണത്തിന് വേണ്ടി ഉണ്ടാക്കിയ നിയമം ഭേദഗതി ചെയ്യും. അതീവ രഹസ്യ സ്വഭാവത്തിലാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിപണിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഐപിഒ.

മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിട്ട സാമ്പത്തിക തിരിച്ചടിയില്‍ നിന്ന് മറികടക്കാനുള്ള വഴിയാണ് കേന്ദ്രം തേടുന്നത്. ഓഹരി വില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാനും നേരത്തെ ലക്ഷ്യം വച്ചിരുന്ന 3.5 ശതമാനം ധനക്കമ്മി മറികടക്കാനും സാധിക്കും. 

ഡിലോയ്റ്റ് ടഷ് റ്റൊമാറ്റ്‌സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയും എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റിനെയുമാണ് എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് സഹായിക്കാനായി കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ഐസിയുടെ കാപിറ്റല്‍ സ്ട്രക്ചര്‍ വിലയിരുത്താനും സാമ്പത്തിക രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമാണ് ഇത്.