ദില്ലി: ശീതീകരിച്ച അല്ലെങ്കിൽ പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ചുമത്താനുളള അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎആർ) തീരുമാനം വിശദീകരിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് (സിബിഐസി). എഎആർ എ‌ടുത്ത തീരുമാനം നിലനിൽക്കുന്നതാണെന്ന് സിബിഐസി വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. പായ്ക്ക് ചെയ്ത പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി എന്ന തീരുമാനം നിലനിൽക്കുമെന്ന എഎആറിന്റെ തീരുമാനം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. 

ശീതീകരിച്ച, പായ്ക്ക് ചെയ്ത് ലഭിക്കുന്ന ലേയേർഡ് ഫ്ലാറ്റ്ബ്രെഡായ പൊറോട്ട (​ഗോതമ്പ്, മലബാർ പൊറോട്ട ഉൽപ്പന്നങ്ങൾ) മൂന്ന് -ഏഴു ദിവസം കേ‌ടുകൂ‌‌ടാതെ സൂക്ഷിക്കാനാകും. റൊട്ടി ഇത്തരത്തിൽ സൂക്ഷിക്കാനാകില്ല, അതിനാൽ ഈ വിഭാ​ഗത്തിൽ ഉൾപ്പെ‌ടുന്ന പൊറോട്ട റൊട്ടിയിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക ഉൽപ്പന്നമാണ്. മനുഷ്യ ഉപഭോഗത്തിനായി ഇത് കൂടുതൽ പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ 18 ശതമാനം ജിഎസ്ടി ബാധ്യകമാണെന്നുമാണ് എഎആർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

പായ്ക്ക് ചെയ്ത പൊറോട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വാങ്ങുന്നില്ല. ചുമത്തിയ നികുതി അടയ്ക്കാൻ കഴിയുന്ന ഒരു ക്ലാസാണ് ഇത് ഉപയോഗിക്കുന്നത്. അതിനാൽ 18 ശതമാനം വിഭാ​ഗത്തിൽ ഈ ഉൽപ്പന്നത്തെ ഉൾപ്പെ‌ടുത്താമെന്നും സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

"ഫ്രോസൺ, പായ്ക്കറ്റ് പൊറോട്ട ബ്രാൻഡുചെയ്യുന്നു, അത് സാധാരണയായി ഉയർന്ന വിലയ്ക്ക് വിൽക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്… വിലകുറഞ്ഞ ബിസ്കറ്റ്, പേസ്ട്രി, കേക്ക് തുടങ്ങിയ വസ്തുക്കൾ പോലും 18 ശതമാനം ജിഎസ്ടി നിരക്കിലാണ് ഉൾപ്പെടുന്നത്. ശീതീകരിച്ച ഭക്ഷണം അത്തരം ഇനവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ശീതീകരിച്ച ഭക്ഷണങ്ങളെ പ്ലെയിൻ റോട്ടിയുമായോ റെസ്റ്റോറന്റുകളിൽ വിളമ്പുന്ന പ്ലെയിൻ പൊറോട്ടയുമായോ താരതമ്യപ്പെടുത്താനോ പ്രധാന ഭക്ഷണമായി എടുക്കാനോ കഴിയില്ല. പാവപ്പെട്ടവർക്ക് ദൈനംദിന അടിസ്ഥാനത്തിൽ ഇത് കഴിക്കാനും കഴിയില്ല, ” ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.