വൊഡഫോൺ ഐഡിയയ്ക്ക് രണ്ടായിരം കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽ ഈടാക്കിയ ബാങ്ക് ഗ്യാരണ്ടി നേരത്തെ തന്നെ കേന്ദ്രം കമ്പനിക്ക് തിരികെ കൊടുത്തിരുന്നു.
ദില്ലി: വൊഡഫോൺ ഐഡിയ ബാങ്ക് ഗ്യാരണ്ടിയായി കേന്ദ്ര സർക്കാരിന് നൽകിയിരുന്ന 15000 കോടി രൂപ തിരികെ കൊടുത്തു. ഇത് കേന്ദ്രം ടെലികോം രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്. ലൈസൻസ് ഫീസ്, സ്കെപ്ട്രം കുടിശിക തുടങ്ങിയവയിലെ ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.
വൊഡഫോൺ ഐഡിയയ്ക്ക് രണ്ടായിരം കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽ ഈടാക്കിയ ബാങ്ക് ഗ്യാരണ്ടി നേരത്തെ തന്നെ കേന്ദ്രം കമ്പനിക്ക് തിരികെ കൊടുത്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് 15000 കോടി രൂപ കൂടി വൊഡഫോൺ ഐഡിയക്ക് തിരികെ കൊടുത്തത്.
ഇപ്പോൾ തിരികെ കൊടുത്ത 15000 കോടി രൂപ, 2012-16 കാലത്ത് വൊഡഫോണും ഐഡിയയും സ്പെക്ട്രം ലേലത്തിന് മുൻപ് കേന്ദ്രത്തിന് നൽകിയ ബാങ്ക് ഗ്യാരണ്ടിയാണ്. എന്നാലും കമ്പനി പുതിയ ബാങ്ക് ഗ്യാരണ്ടി ടെലികോം മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതുണ്ട്. അടുത്ത ഇൻസ്റ്റാൾമെന്റ് അടയ്ക്കേണ്ട തീയതിക്ക് 13 മാസം മുൻപ് പുതിയ ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കണം.
എങ്കിലും കേന്ദ്രം ബാങ്ക് ഗ്യാരണ്ടി തിരികെ കൊടുത്തത് വിഐക്ക് ആശ്വാസകരമാണ്. ഇതോടെ ബാങ്കുകളിൽ നിന്ന് പുതിയ ഫണ്ട് സമാഹരിക്കാൻ കമ്പനിക്ക് കഴിയും. വെന്റർ ഫിനാൻസിങിന് വേണ്ടി പണം ഇതര ക്രെഡിറ്റ് നൽകുന്നതിനും ഇത് കമ്പനിയെ സഹായിക്കും.
