Asianet News MalayalamAsianet News Malayalam

സ്റ്റിയറിങ് പോയിട്ട് കസേര പോലുമില്ല! കേന്ദ്രത്തിന് കമ്പനിയിൽ പദവികളുണ്ടാവില്ലെന്ന് വൊഡഫോൺ ഐഡിയ സിഇഒ

ഇന്നലെ കൂപ്പുകുത്തിയ വൊഡഫോൺ ഐഡിയ ഓഹരികൾ ഇന്ന് നില മെച്ചപ്പെടുത്തി മുന്നേറി. ഇന്ന് 9.75 ശതമാനം നേട്ടത്തോടെ 12.95 രൂപയായാണ് വൊഡഫോൺ ഐഡിയ ഓഹരികൾ ബിഎസ്ഇയിൽ മുന്നേറിയത്

Govt wont take board seat run or manage Vodafone Idea CEO Takkar
Author
Delhi, First Published Jan 12, 2022, 9:25 PM IST

ദില്ലി: കേന്ദ്രസർക്കാരിന് വൊഡഫോൺ ഐഡിയ കമ്പനിയി പദവികളുണ്ടാവില്ലെന്ന് സിഇഒ രവീന്ദർ തക്കാർ. കേന്ദ്രസർക്കാർ പ്രതിനിധിക്ക് ബോർഡ് ഓഫ് ഡയറക്ടേർസിൽ അംഗത്വമോ, കമ്പനിയുടെ നിയന്ത്രണാധികാരമോ ഉണ്ടാവില്ലെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ തക്കാർ വ്യക്തമാക്കി. എജിആർ കുടിശികയും സ്പെക്ട്രം ഇൻസ്റ്റാൾമെന്റ് കുടിശികയായ 16000 കോടിയും കേന്ദ്രത്തിന് ഓഹരിയായി അനുവദിക്കാനുള്ള തീരുമാനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ വൊഡഫോൺ ഐഡിയ കമ്പനിയിൽ 35.8 ശതമാനം ഓഹരി കേന്ദ്രസർക്കാരിനാവും.

അതേസമയം ഈ തീരുമാനം വന്നതിന് പിന്നാലെ ഇന്നലെ കൂപ്പുകുത്തിയ വൊഡഫോൺ ഐഡിയ ഓഹരികൾ ഇന്ന് നില മെച്ചപ്പെടുത്തി മുന്നേറി. ഇന്ന് 9.75 ശതമാനം നേട്ടത്തോടെ 12.95 രൂപയായാണ് വൊഡഫോൺ ഐഡിയ ഓഹരികൾ ബിഎസ്ഇയിൽ മുന്നേറിയത്. ഇന്നലെ 20.54 ശതമാനം ഇടിഞ്ഞ് 11.80 രൂപയായാണ് കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്.

കമ്പനി തക‍ർച്ചയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്രം ഓഹരിയേറ്റെടുക്കാൻ തീരുമാനിച്ചത്. കുടിശ്ശിക തീർക്കാനാവത്തത് കമ്പനിയെ ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. അവശ്യ സേവനങ്ങൾക്ക് പോലും ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വൊഡാഫോൺ ഐഡിയയുടെ സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. ഉദ്യോ​ഗസ്ഥരുടേയും ജീവനക്കാരുടേയും രാജിതുടർക്കഥയാവുന്ന സ്ഥിതിയുമായി.

ടെലികോം മന്ത്രാലയത്തിന് പലവകയിൽ നൽകാനുള്ള കുടിശ്ശികയ്ക്ക് തത്തുല്യമായി ഓഹരികൾ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശം കഴിഞ്ഞ ദിവസം ചേർന്ന വോഡാഫോൺ ഐഡിയ ഡയറക്ടർ ബോർഡ് യോ​ഗം അം​ഗീകരിക്കുകയായിരുന്നു. ഇതോടെ വൊഡാഫോൺ ഐഡിയ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി സർക്കാർ മാറും. വൊഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരികളുമാവും ഇനി കമ്പനിയിൽ ഉണ്ടാവുക.

രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വ‍വർക്ക് കമ്പനിയെ കേന്ദ്രസർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി കണ്ടറിയേണ്ടത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുമ്പോൾ എന്താണ് വൊഡാഫോണിനായി കേന്ദ്രത്തിൻ്റെ പദ്ധതിയെന്നറിയില്ല. ഭാവിയിൽ ഈ ഓഹരികൾ കേന്ദ്രം മറ്റേതെങ്കിലും കമ്പനിക്ക് വിൽക്കാനുള്ള സാധ്യതയും വിദ​ഗ്ദ്ധ‍ർ മുന്നിൽ കാണുന്നു. എന്തായാലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റൊഴിക്കുന്ന നയം സ്വീകരിച്ച കേന്ദ്രം ഒരു സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്ന അപൂ‍ർവ്വ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 

Follow Us:
Download App:
  • android
  • ios