തിരുവനന്തപുരം: 12 ല്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇ - വാഹനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വാടയ്ക്ക് എടുത്താന്‍ പൂര്‍ണ നികുതി ഇളവ് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇതോടൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കാനും കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു.

വൈദ്യുത വാഹന നിര്‍മാണ മേഖലയ്ക്ക് വളരെയേറെ ഗുണകരമായ തീരുമാനങ്ങളാണ് കൗണ്‍സില്‍ യോഗത്തിലുണ്ടായത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റിലും വൈദ്യുത വാഹന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കാനുളള നിരവധി പ്രഖ്യാപനങ്ങളുണ്ടായിരുന്നു. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജറിനുളള നികുതിയും യോഗത്തില്‍ വെട്ടിക്കുറച്ചു. 18 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമായാണ് കുറച്ചത്. 

കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമുളള ഇളവുകള്‍ അടുത്ത മാസം ഒന്നിന് പ്രാബല്യത്തിലെത്തും. അനുമാന നികുതി അടയ്ക്കുന്നവര്‍ കഴിഞ്ഞ മാസത്തെ സ്റ്റേറ്റ്മെന്‍റ് നല്‍കാനുളള സമയപരിധി അടുത്തമാസം 31 വരെ നീട്ടി.