ദില്ലി: ഇന്ത്യയിലെ വിൽപ്പനയും നിർമ്മാണവും അവസാനിപ്പിക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ തീരുമാനിച്ചത് രണ്ടായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാക്കും. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷനാണ് ഇത് വ്യക്തമാക്കിയത്. ഇന്നലെയാണ് രാജ്യത്തെ ഉൽപ്പാദനവും വിൽപ്പനയും നിർത്താൻ കമ്പനി തീരുമാനിച്ചത്.

ആഡംബര ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സന്റെ തീരുമാനം നിലവിലെ ഡീലർമാർക്ക് 130 കോടി രൂപയുടെ നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. തങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി രാജ്യത്തെ ഡീലർമാരെ അറിയിച്ചില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി കുറ്റപ്പെടുത്തി.

മൂന്ന് മുതൽ നാല് കോടി വരെയാണ് ഹാർലിയുടെ ഡീലർഷിപ്പിനായി ഡീലർമാർ മുടക്കിയത്. കമ്പനിക്ക് 35 ഡീലർമാരാണ് ഉള്ളത്. 110 മുതൽ 130 കോടി വരെയാണ് നഷ്ടം സംഭവിക്കാൻ പോകുന്നത്. ഇതുവരെ നഷ്ടപരിഹാരത്തെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും വിങ്കേഷ് പറഞ്ഞു. ഓരോ ഡീലർമാർക്കും ശരാശരി 50 ജീവനക്കാരുണ്ട്. ആകെ 1800 മുതൽ 2000 പേർക്ക് വരെ തൊഴിൽ നഷ്ടമാകാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാർലി. ജനറൽ മോട്ടോർസ്, എംഎഎൻ ട്രക്സ്, യുഎം ലോഹിയ എന്നിവയാണ് നേരത്തെ പ്രവർത്തനം അവസാനിപ്പിച്ചവ. ഫ്രാഞ്ചൈസി പ്രൊട്ടക്ഷൻ നിയമം ഉണ്ടായിരുന്നുവെങ്കിൽ കമ്പനികൾ ഡീലർമാരെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട് പ്രവർത്തനം നിർത്തില്ലായിരുന്നുവെന്നും വിങ്കേഷ് പറഞ്ഞു.