Asianet News MalayalamAsianet News Malayalam

പെരുമഴ ചതിച്ചത് 8779 കർഷകരെ, സംസ്ഥാനത്തൊട്ടാകെ കൃഷിനാശം; 28 കോടി രൂപയുടെ പ്രാഥമിക നഷ്ടം

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്

Heavy Rain Kerala 28 crore worth crop loss reported in first two days
Author
Thiruvananthapuram, First Published Oct 16, 2021, 9:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന പെരുമഴ തകർത്തത് 8779 കർഷകരുടെ പ്രതീക്ഷകൾ. സംസ്ഥാനത്തെമ്പാടും വിളനാശമുണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 1476.58 ഹെക്ടറിലെ കൃഷി നശിച്ചു. 28.58 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. തൃശ്ശൂരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരാണ് ദുരിതം ബാധിച്ചത്. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് പ്രാഥമിക റിപ്പോർട്ടിൽ വിലയിരുത്തുന്നു.

തലസ്ഥാനമായ തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. 1550 കർഷകർ ദുരിതബാധിതരാണ്. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കർഷകർക്ക് 2.21 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ടയിൽ 315 കർഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1.22 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 പേരാണ് ദുരിതബാധിതർ. പാലക്കാട് ജില്ലയിൽ 8.20 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 41 കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് ജില്ലയിൽ 1.50 ഹെക്ടറിലെ കൃഷി നശിച്ചു. ആറ് കർഷകർക്കായി 2.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കുറവ് കൃഷിനാശമുണ്ടായത്, 0.40 ഹെക്ടർ. എട്ട് കർഷകർക്കായി 85000 രൂപയുടെ നാശമുണ്ടായെന്നുമാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios