കഴിഞ്ഞയാഴ്ചയാണ് ഇംഗ്ലീഷ് വിസ്‌കിക്ക് നിയമപരിരക്ഷ അനുവദിച്ചത്. ഇതോടെ സ്‌കോച്ച്, വെല്‍ഷ്, ഐറിഷ് വിസ്‌കികള്‍ക്ക് ഒപ്പമുള്ള പരിഗണന ഇംഗ്ലീഷ് വിസ്‌കിക്കും ലഭിക്കും. അടുത്ത മാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 'ഇംഗ്ലീഷ് വിസ്‌കി' യുകെയുടെ സ്പിരിറ്റ് ഡ്രിങ്ക്‌സ് ജിഐ സ്‌കീമിന് കീഴില്‍ നിയമപരമായി സംരക്ഷിക്കപ്പെടും.

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിയെന്ന സ്‌കോച്ച് വിസ്‌കിയുടെ പ്രതാപത്തിന് വെല്ലുവിളിയുമായി 'ഇംഗ്ലീഷ് വിസ്‌കി' എത്തുന്നു. ഇംഗ്ലീഷ് വിസ്‌കിക്ക് ഭൗമശാസ്ത്ര സൂചിക അഥവാ ജിഐ പദവി നല്‍കാനുള്ള യുകെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്‌കോട്ട്ലന്‍ഡിലെ വിസ്‌കി നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കോട്ട്ലന്‍ഡിന്റെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പ്പന്നമായ സ്‌കോച്ചിന്റെ സല്‍പ്പേരിനെ പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക.

എന്താണ് പുതിയ തീരുമാനം?

കഴിഞ്ഞയാഴ്ചയാണ് ഇംഗ്ലീഷ് വിസ്‌കിക്ക് നിയമപരിരക്ഷ അനുവദിച്ചത്. ഇതോടെ സ്‌കോച്ച്, വെല്‍ഷ്, ഐറിഷ് വിസ്‌കികള്‍ക്ക് ഒപ്പമുള്ള പരിഗണന ഇംഗ്ലീഷ് വിസ്‌കിക്കും ലഭിക്കും. അടുത്ത മാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 'ഇംഗ്ലീഷ് വിസ്‌കി' യുകെയുടെ സ്പിരിറ്റ് ഡ്രിങ്ക്‌സ് ജിഐ സ്‌കീമിന് കീഴില്‍ നിയമപരമായി സംരക്ഷിക്കപ്പെടും.

നിര്‍മാണത്തിലെ വ്യത്യാസം; തര്‍ക്കത്തിന് കാരണമിതാ

'സിംഗിള്‍ മാള്‍ട്ട്' സ്‌കോച്ച് വിസ്‌കി നിര്‍മിക്കണമെങ്കില്‍ മാഷിങ്, ഫെര്‍മെന്റേഷന്‍, വാറ്റിയെടുക്കല്‍ തുടങ്ങിയ മുഴുവന്‍ പ്രക്രിയകളും സ്‌കോട്ട്ലന്‍ഡിലെ ഒരൊറ്റ ഡിസ്റ്റിലറിയില്‍ തന്നെ നടക്കണം എന്നാണ് നിലവിലെ ചട്ടം. എന്നാല്‍, ഇംഗ്ലീഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ കാര്യത്തില്‍ ഇതിലെ ചില പ്രക്രിയകള്‍ പ്രധാന ഡിസ്റ്റിലറിക്ക് പുറത്തുവച്ചും ചെയ്യാമെന്നതാണ് പ്രധാന വ്യത്യാസം. സ്‌കോച്ച് നിര്‍മാതാക്കളുടെ സംഘടനയായ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. 'സിംഗിള്‍ മാള്‍ട്ട്' എന്നതിന്റെ നിര്‍വചനത്തെ തന്നെ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നും സ്‌കോച്ച് വ്യവസായം പടുത്തുയര്‍ത്തിയ കാറ്റഗറിയെ ഇത് അപകടത്തിലാക്കുമെന്നും അവര്‍ ആരോപിക്കുന്നു.

സ്‌കോച്ചില്‍ നിന്ന് വ്യത്യസ്തമായി, നൂറ് ശതമാനവും യുകെയില്‍ കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ ഉപയോഗിച്ചേ ഇംഗ്ലീഷ് വിസ്‌കി ഉണ്ടാക്കാവൂ എന്ന നിബന്ധനയുണ്ട്. കൂടാതെ ഓക്ക് മരത്തിന് പകരം മറ്റ് മരങ്ങളുടെ വീപ്പകളില്‍ ഇവ സൂക്ഷിക്കാനും നിയമം അനുവദിക്കുന്നു.

സ്‌കോച്ചിന്റെ വിപണിയും ഇംഗ്ലീഷിന്റെ കുതിപ്പും

2025-ല്‍ സ്‌കോച്ച് വിസ്‌കിയുടെ കയറ്റുമതി മൂല്യം 5.4 ബില്യണ്‍ പൗണ്ട് ആയിരുന്നു. സ്‌കോട്ട്ലന്‍ഡിന്റെ മൊത്തം ഉല്‍പ്പന്ന കയറ്റുമതിയുടെ കാല്‍ഭാഗവും യുകെയുടെ ഭക്ഷണ-പാനീയ കയറ്റുമതിയുടെ 21 ശതമാനവും വരുന്നത് സ്‌കോച്ചില്‍ നിന്നാണ്. ലോകമെമ്പാടുമുള്ള സിംഗിള്‍ മാള്‍ട്ട് വിപണിയുടെ 90 ശതമാനവും യുകെയിലെ വിപണിയുടെ 95 ശതമാനവും സ്‌കോച്ചിന്റെ കൈകളിലാണ്. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ ഏര്‍പ്പെടുത്തിയ താരിഫ് ഇളവുകളും, വിസ്‌കിക്ക് വലിയ ഡിമാന്‍ഡുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും സ്‌കോച്ചിന് വലിയ നേട്ടമുണ്ടാക്കിയിരുന്നു. 2026-ന്റെ ആദ്യ പകുതിയില്‍ കയറ്റുമതി മൂല്യം 3% വര്‍ധിച്ച് 2.5 ബില്യണ്‍ പൗണ്ടിലെത്തിയിരുന്നു. വില്‍പ്പനയില്‍ 6% വര്‍ധനവോടെ 655 ദശലക്ഷം കുപ്പികളാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലുണ്ടായ അമിതോല്‍പ്പാദനവും, ജീവിതച്ചെലവിലുണ്ടായ വര്‍ധനവും മദ്യപാന ശീലങ്ങളിലുണ്ടായ മാറ്റങ്ങളും കാരണം സ്‌കോച്ച് വിസ്‌കി വ്യവസായം കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് പുതിയ വിവാദം.

എന്നാല്‍ മറുവശത്ത് ഇംഗ്ലീഷ് വിസ്‌കി അതിവേഗം വളരുകയാണ്. 2023-ല്‍ 46 ഡിസ്റ്റിലറികള്‍ ഉണ്ടായിരുന്നത് ഇന്ന് 70 ആയി വര്‍ധിച്ചു. കാനഡ, ജപ്പാന്‍, ചൈന ഉള്‍പ്പെടെ 32 രാജ്യങ്ങളിലേക്ക് നിലവില്‍ ഇംഗ്ലീഷ് വിസ്‌കി കയറ്റുമതി ചെയ്യുന്നുണ്ട്.നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇംഗ്ലീഷ് വിസ്‌കിക്ക് പദവി നല്‍കിയതെന്ന് യുകെ പരിസ്ഥിതി-ഭക്ഷ്യ-ഗ്രാമവികസന വകുപ്പ് വ്യക്തമാക്കി. സ്‌കോച്ച് വിസ്‌കിയുടെയും യുകെയിലെ മറ്റ് വ്യവസായങ്ങളുടെയും വിജയത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. 'സിംഗിള്‍ മാള്‍ട്ടി'ന് യുകെയിലാകെ ബാധകമായ ഒരൊറ്റ നിര്‍വചനമില്ലെന്നും ഓരോ വിസ്‌കിക്കും അതിന്റേതായ പാരമ്പര്യങ്ങളും രീതികളുമുണ്ടെന്നും വകുപ്പ് വിശദീകരിച്ചു