പുതിയ ബജറ്റ് പ്രഖ്യാപന പ്രകാരം റിസര്‍വ് ബാങ്ക് നേരിട്ട് പുറത്തിറക്കുന്ന സമയത്ത് മാത്രം വാങ്ങുന്ന ബോണ്ടുകള്‍ക്ക് മാത്രമേ ഇനി നികുതി ഇളവ് ലഭിക്കൂ
നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപങ്ങളുടെ നികുതി ആനുകൂല്യങ്ങളില്‍ വലിയ മാറ്റങ്ങളുമായി 2026-ലെ കേന്ദ്ര ബജറ്റ്. വര്‍ഷങ്ങളായി നികുതി രഹിത നിക്ഷേപമായിരുന്ന ഈ പദ്ധതിയില്‍, ഇനി മുതല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ നികുതി ഇളവ് ലഭിക്കൂ.
സ്വര്‍ണ്ണ ബോണ്ടുകളില്‍ വന്ന മാറ്റങ്ങള്‍
സ്വര്‍ണ്ണത്തിന് പകരമായി സര്‍ക്കാര്‍ പുറത്തിറക്കുന്ന സുരക്ഷിത നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഇതുവരെ എട്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നിക്ഷേപകര്‍ക്ക് നികുതി നല്‍കേണ്ടി വന്നിരുന്നില്ല. എന്നാല്‍ പുതിയ ബജറ്റ് പ്രഖ്യാപന പ്രകാരം റിസര്‍വ് ബാങ്ക് നേരിട്ട് പുറത്തിറക്കുന്ന സമയത്ത് മാത്രം വാങ്ങുന്ന ബോണ്ടുകള്‍ക്ക് മാത്രമേ ഇനി നികുതി ഇളവ് ലഭിക്കൂ. ഈ ബോണ്ടുകള്‍ എട്ടു വര്‍ഷത്തെ കാലാവധി കഴിയുന്നത് വരെ കൈവശം വെക്കുകയും വേണം. അതായത്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയോ മറ്റൊരാളില്‍ നിന്നോ വാങ്ങുന്ന ബോണ്ടുകള്‍ക്ക് ഇനി മുതല്‍ നികുതി നല്‍കേണ്ടി വരും. സ്വര്‍ണ്ണ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന 2.5% വാര്‍ഷിക പലിശയ്ക്ക് നേരത്തെ തന്നെ നികുതി ബാധകമായിരുന്നു
നികുതി തീരെയില്ലാത്ത 3 നിക്ഷേപ പദ്ധതികള്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ ഭാഗികമായി നികുതി പരിധിയില്‍ വന്നതോടെ, പൂര്‍ണ്ണമായും നികുതിയില്ലാത്ത വിഭാഗത്തില്‍പ്പെടുന്ന നിക്ഷേപങ്ങള്‍ക്ക് പ്രസക്തിയേറി. നിക്ഷേപിക്കുന്ന തുകയ്ക്കും, ലഭിക്കുന്ന പലിശയ്ക്കും, കാലാവധി കഴിഞ്ഞ് പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ലാത്ത മൂന്ന് പദ്ധതികള്‍ താഴെ പറയുന്നവയാണ്:
1. പിപിഎഫ്
ബാങ്കുകള്‍ വഴിയോ പോസ്റ്റ് ഓഫീസുകള്‍ വഴിയോ ആര്‍ക്കും ഈ അക്കൗണ്ട് തുടങ്ങാം.
വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
പദ്ധതിയുടെ കാലാവധി 15 വര്‍ഷമാണ്, ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം ഇത് നീട്ടാവുന്നതുമാണ്.
2. സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണിത്.
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ഈ അക്കൗണ്ട് തുടങ്ങാം.
ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിവാഹത്തിനും ഈ തുക ഉപയോഗിക്കാവുന്നതാണ്.
3. ഇപിഎഫ്
ശമ്പള വരുമാനക്കാര്‍ക്കായി ഉള്ള ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമാണിത്.
20-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇപിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും തുടങ്ങിയിരിക്കണം.
ജീവനക്കാരും തൊഴിലുടമയും തുല്യമായ തുക ഓരോ മാസവും ഇതിലേക്ക് നിക്ഷേപിക്കുന്നു.
വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്, എങ്കിലും വിവാഹം പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഈ തുക പിന്‍വലിക്കാന്‍ സാധിക്കും.
