ദില്ലി: വൻ വികസനം ലക്ഷ്യമിട്ട് മധ്യപ്രദേശിൽ 9400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 35 ഹൈവേ പ്രൊജക്ടുകൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആഗസ്റ്റ് 25 ന് തറക്കല്ലിടും.

സംസ്ഥാനത്ത് 1,139 കിലോമീറ്റർ ദൈർഘ്യമുള്ള 35 പദ്ധതികളാണ് ഒരുമിച്ച് നിർമ്മാണം ആരംഭിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധ്യക്ഷനാവും. സംസ്ഥാനത്തിന്റെ വികസനത്തിൽ ഈ റോഡ് നിർമ്മാണ പദ്ധതികൾക്ക് വലിയ നേട്ടം വഹിക്കാനാവുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ ജിഡിപി ഉയർത്തുന്നതിൽ നിർണ്ണായകമായി കേന്ദ്രസർക്കാർ കാണുന്നത് അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റമാണ്. അതിനാൽ തന്നെ മികച്ച ഹൈവേകൾക്ക് പ്രഥമ പരിഗണനയാണ് നൽകുന്നത്. മധ്യപ്രദേശിൽ ഭാവിയിൽ കൂടുതൽ വൻകിട പദ്ധതികൾക്ക് അവസരമൊരുക്കാൻ ഈ പ്രൊജക്ടുകൾക്ക് സാധിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതീക്ഷ.