Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയെ നയിക്കാന്‍ ഒരു വനിത

ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാറ്റ് 69, ആന്‍റിക്വിറ്റി, സിഗ്നേച്ചര്‍, റോയല്‍ ചലഞ്ച്, മക്ഡോവല്‍സ് നം1, സ്മിരണോഫ്, ക്യാപറ്റന്‍ മോര്‍ഗന്‍ അടക്കമുള്ള പ്രീമിയം ബ്രാന്‍റുകളുടെ നിര്‍മ്മാതാക്കളാണ് യുഎസ്എല്‍

Hina Nagarajan to lead United Spirits Ltd
Author
Bengaluru, First Published Dec 12, 2020, 10:44 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയെ നയിക്കാന്‍ ഒരു വനിത‍യെത്തുന്നു. ബെംഗളുരും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ നേതൃസ്ഥാനത്തേക്ക് ഹിന നാഗരാജനെത്തുന്നു. അന്തര്‍ ദേശീയ മദ്യ കമ്പനിയായ ഡിയഗോയുടെ ഭാഗമാണ് യുഎസ്എല്‍. 2021 ജൂലൈ 1 മുതലാണ് ഹിന സിഇഒ പദവി വഹിക്കുക. നിലവിലെ സിഇഒ ആയ ആനന്ദ് കൃപാലു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം മാനേജ്മെന്‍റ് പുറത്ത് വിട്ടത്. ഡിയഗോയുടെ ആഫ്രിക്ക റീജിയണല്‍ മാര്‍ക്കറ്റിന്‍റെ മാനേജിംഗ് ഡയറക്ടറാണ് നിലവില്‍ ഹിന. ഡിയഗോ യൂറോപ്പ് ഇന്ത്യ പ്രസിഡന്‍റ് ജോണ്‍ കെന്നഡിക്ക് കീഴിലായിരിക്കും ഹിനയുടെ പ്രവര്‍ത്തനം. നെസ്ലെ ഇന്ത്യ, മേരി കേയ് ഇന്ത്യ അടക്കമുള്ള വമ്പന്‍ കമ്പനികളിലായി മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് ഹിനയ്ക്കുള്ളത്. നിലവിലെ സിഇഒ ആയ കൃപാലു എട്ട് വര്‍ഷം മുന്‍പാണ് യുഎസ്എല്ലിലെത്തുന്നത്.

യുഎസ്എല്ലിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിച്ചത് കൃപാലുവായിരുന്നു. ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാറ്റ് 69, ആന്‍റിക്വിറ്റി, സിഗ്നേച്ചര്‍, റോയല്‍ ചലഞ്ച്, മക്ഡോവല്‍സ് നം1, സ്മിരണോഫ്, ക്യാപറ്റന്‍ മോര്‍ഗന്‍ അടക്കമുള്ള പ്രീമിയം ബ്രാന്‍റുകളുടെ നിര്‍മ്മാതാക്കളാണ് യുഎസ്എല്‍. 49 നിര്‍മ്മാണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുടനീളം യുഎസ്എല്ലിനുള്ളത്. 2012ലാണ് യുഎസ്എല്ലിന്‍റെ ഭൂരിഭാഗം ഷെയറുകള്‍ ഡിയഗോ സ്വന്തമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios