ഇന്ത്യയില്‍ വീട്ടുജോലികള്‍ക്കായി മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. അര്‍ബന്‍ കമ്പനി, പ്രോന്റോ, സ്‌നാബിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വന്‍ വളര്‍ച്ച നേടുന്നു. നഗരങ്ങളില്‍ വീട്ടുജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ ആപ്പുകളുടെ ജനപ്രീതിക്ക് പ്രധാന കാരണം.

വീട്ടുജോലികള്‍ക്കായി മൊബൈല്‍ ആപ്പുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന. 10 മിനിറ്റിനുള്ളില്‍ സഹായമെത്തിക്കുന്ന 'ഇന്‍സ്റ്റന്റ് ഹോം സര്‍വീസ്' ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മാര്‍ച്ചില്‍ ഒരു കോടി പിന്നിട്ടു. മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വിപണിയിലെ ഈ വന്‍ കുതിപ്പിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അര്‍ബന്‍ കമ്പനി, പ്രോന്റോ, സ്‌നാബിറ്റ് എന്നീ മൂന്ന് പ്രമുഖ പ്ലാറ്റ്ഫോമുകളിലായി ആകെ 1.04 കോടി സജീവ ഉപഭോക്താക്കളാണ് നിലവിലുള്ളത്. വീട് വൃത്തിയാക്കല്‍, പാത്രം കഴുകല്‍, അലക്ക്, പാചകം തുടങ്ങിയ ജോലികള്‍ക്കായി ആളുകള്‍ ഇത്തരം ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.

വിപണിയിലെ വമ്പന്മാര്‍

നിലവില്‍ അര്‍ബന്‍ കമ്പനിയാണ് വിപണിയില്‍ ഏറ്റവും മുന്നില്‍. എങ്കിലും പുതിയ കമ്പനികള്‍ അതിവേഗം വളരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അര്‍ബന്‍ കമ്പനി: 65 ലക്ഷം ഉപഭോക്താക്കള്‍.

പ്രോന്റോ: 27 ലക്ഷം ഉപഭോക്താക്കള്‍.

സ്‌നാബിറ്റ്: 12 ലക്ഷം ഉപഭോക്താക്കള്‍.

പുതിയതായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ കാര്യത്തില്‍ പ്രോന്റോയാണ് (43%) മുന്നില്‍. അര്‍ബന്‍ കമ്പനി (31%), സ്‌നാബിറ്റ് (26%) എന്നിവരാണ് തൊട്ടുപിന്നില്‍.

ബുക്കിംഗുകളില്‍ വന്‍ കുതിപ്പ്

ആപ്പുകള്‍ വഴി ജോലി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്.

അര്‍ബന്‍ കമ്പനിയുടെ 'ഇന്‍സ്റ്റാ ഹെല്‍പ്പ്' വഴി മാസം 10 ലക്ഷത്തിലധികം ബുക്കിംഗുകള്‍ നടക്കുന്നു.

പ്രോന്റോ ദിവസേന ശരാശരി 18,000 ബുക്കിംഗുകള്‍ കൈകാര്യം ചെയ്യുന്നു.

സ്‌നാബിറ്റും മാസം 10 ലക്ഷം ബുക്കിംഗുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

മൊത്തത്തില്‍, ഈ മൂന്ന് കമ്പനികളും കൂടി മാസം 20 ലക്ഷത്തിലധികം ജോലികളാണ് നിലവില്‍ പൂര്‍ത്തിയാക്കുന്നത്.

നിക്ഷേപകരുടെ പണമൊഴുക്ക്

വിപണിയിലെ ഈ സാധ്യതകള്‍ കണ്ട് വന്‍കിട നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്.പ്രോന്റോ ഏകദേശം 125-165 കോടി രൂപ സമാഹരിക്കാനുള്ള ചര്‍ച്ചകളിലാണ്. ഇതോടെ കമ്പനിയുടെ മൂല്യം 1,600 കോടി രൂപയ്ക്ക് മുകളിലെത്തും. സ്‌നാബിറ്റ് 500-580 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ മൂല്യം 3,300 കോടി രൂപയോളം എത്തിയേക്കാം.

വെല്ലുവിളികള്‍ ബാക്കി

ഉപഭോക്താക്കളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഈ ബിസിനസ് എത്രത്തോളം ലാഭകരമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധനങ്ങള്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് (ഉദാഹരണത്തിന് ബ്ലിങ്കിറ്റ്, സെപ്‌റ്റോ) പോലെയല്ല സര്‍വീസ് രംഗം. മികച്ച രീതിയില്‍ പരിശീലനം ലഭിച്ച തൊഴിലാളികളെ കൃത്യസമയത്ത് ലഭ്യമാക്കുക എന്നതാണ് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തൊഴിലാളികളെ കണ്ടെത്തുന്നതിനും അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനുമായി നിലവില്‍ കമ്പനികള്‍ വലിയ തുക ചിലവഴിക്കുന്നുണ്ട്. പല നഗരങ്ങളിലും വീട്ടുജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും, കൃത്യമായ നിരക്കില്‍ സേവനം ലഭിക്കുന്നു എന്നതുമാണ് ഇത്തരം ആപ്പുകള്‍ക്ക് ജനപ്രീതി കൂടാന്‍ കാരണമാകുന്നത്.