Asianet News MalayalamAsianet News Malayalam

Vegetables Price : ഹോർട്ടികോർപ്പിന് പല ജില്ലകളിൽ പല വില, എങ്കിലും കുറഞ്ഞ തുക മാത്രം

തിരുവനന്തപുരത്ത് ഇന്ന് ഹോർട്ടികോർപ്പ് വില്പന ശാലകളിൽ മുരിങ്ങയ്ക്കയ്ക്ക് വില 89 രൂപ മാത്രം. തൃശ്ശൂരിലെ ഹോർട്ടികോർപ്പ് വില്പനശാലയിലെത്തുമ്പോൾ അത് 250 രൂപയിലേക്ക് എത്തുന്നു. 

Horticorp Vegetables Price Is Low Compared To Private Players
Author
Thiruvananthapuram, First Published Dec 13, 2021, 3:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോർട്ടികോർപ്പ് (Horticorp) വില്പന കേന്ദ്രങ്ങളിൽ പച്ചക്കറികൾക്ക് (Vegetables Price) പല വില. ജില്ലകൾ മാറുന്നതിന് അനുസരിച്ച് ചില ഇനങ്ങൾക്ക് ഇരട്ടിയിലേറെ വിലവ്യത്യാസം വരുന്നുണ്ട്. എങ്കിലും സ്വകാര്യ വിൽപ്പനകേന്ദ്രങ്ങളെ അപേക്ഷിച്ച് പച്ചക്കറിക്ക് ഇപ്പോഴും വില കുറവ് ഹോർട്ടികോർപ്പ് വിൽപ്പനശാലകളിൽത്തന്നെയാണ്. തമിഴ്‌നാട്ടിലും പച്ചക്കറി ക്ഷാമം രൂക്ഷമായതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ ഇനിയും വില കൂടിയേക്കുമെന്ന ആശങ്ക പൊതുവിപണിയിലുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് ഹോർട്ടികോർപ്പ് വില്പന ശാലകളിൽ മുരിങ്ങയ്ക്കയ്ക്ക് വില 89 രൂപ മാത്രം. തൃശ്ശൂരിലെ ഹോർട്ടികോർപ്പ് വില്പനശാലയിലെത്തുമ്പോൾ അത് 250 രൂപയിലേക്ക് എത്തുന്നു. തൃശ്ശൂരിൽ പാവയ്ക്കയ്ക്ക് 45 രൂപയെങ്കിൽ തിരുവനന്തപുരത്ത്  60. പയറിന്  തൃശ്ശൂരിൽ 50 രൂപയെങ്കിൽ തിരുവനന്തപുരത്ത് 75.

പച്ചക്കറികൾക്ക് പലതിനും ഇത്തരത്തിൽ ജില്ലകൾ തോറും വില മാറുന്നു. പ്രാദേശികമായി സംഭരിക്കാൻ കഴിയുന്ന ഇനങ്ങൾക്ക് അനുസരിച്ചാണ് ഈ വില വ്യത്യാസമെന്ന് ഹോട്ടികോർപ്പ് ജീവനക്കാർ പറയുന്നു.

വില വ്യത്യാസം ഉണ്ടെങ്കിലും ജില്ലകളിലും പൊതു വിപണിയിലേക്കാൾ വിലക്കുറവിൽ സാധനങ്ങൾ നല്കാൻ ഹോർട്ടികോർപ്പിന് കഴിയുന്നു. ഇപ്പോൾ വില വർധിപ്പിക്കരുത് എന്ന് സർക്കാർ ഹോർട്ടികോർപ്പിന് നിർദേശം നൽകി. അതേസമയം, തമിഴ്‌നാട്ടിലും പച്ചക്കറി ക്ഷാമം രൂക്ഷമായതോടെ വരും ദിവസങ്ങളിൽ പൊതു വിപണിയിൽ ഇനിയും വില കൂടിയേക്കും.

പൊതുവിൽ തിരുവനന്തപുരത്തെ ഹോർട്ടികോർപ്പിൽ വിപണിവിലയേക്കാൾ പകുതിയോളം വില കുറവാണ്. തക്കാളി കിലോ 56 രൂപയാണ് ഹോർട്ടികോർപ്പിലെങ്കിൽ പൊതുവിപണിയിൽ 100-രൂപയിൽ കൂടുതലാണ്. മുരിങ്ങയ്ക്ക് 89 രൂപയേ ഉള്ളൂ, പൊതുവിപണിയിൽ പൊള്ളുന്ന വിലയാണ് - 120 രൂപയിൽ കൂടുതൽ. വെള്ളരി കിലോ 27 രൂപയാണ്. പൊതുവിപണിയുടെ പകുതിയിൽ താഴെ വില മാത്രം. സവാള കിലോ 32 രൂപ മാത്രമേ ഉള്ളൂ. പൊതുവിപണിയിൽ 100 രൂപയ്ക്ക് അടുത്താണ്. ക്യാരറ്റ് കിലോ 52 രൂപയാണ് തിരുവനന്തപുരത്തെ ഹോർട്ടികോർപ്പ് കടയിൽ. ക്യാബേജിന് 25 രൂപയാണ്. പൊതുവിപണിയുടെ പകുതി വില മാത്രം. വെണ്ടയ്ക്ക് 31 രൂപയാണ് ഈടാക്കുന്നത്. അമരയ്ക്കക്ക് 49 രൂപയാണ്. 

തിരുവനന്തപുരത്ത് ഇന്ന് ഹോർട്ടികോർപ്പ് വിൽപ്പനശാലകളിലെ പച്ചക്കറികളുടെ വിലവിവരപ്പട്ടിക ഇങ്ങനെയാണ്:

Horticorp Vegetables Price Is Low Compared To Private Players

Follow Us:
Download App:
  • android
  • ios