ഭവന വായ്പ അക്കൗണ്ടുകൾ നിഷ്ക്രിയമാകുന്നതോടെ ബാങ്കുകൾക്ക് കൂട്ടമായ ജപ്തി നടപടികളിലേക്ക് കടക്കേണ്ടി വരും. ഇത് നിരവധി കുടുംബങ്ങളെ വഴിയാതാരമാക്കാൻ ഇടയാക്കും
തിരുവനന്തപുരം : വർധിച്ചുവരുന്ന ഭവനവായ്പ കുടിശ്ശിക (Housing loan defaults) കേരളത്തിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്. കേരളത്തിൽ ഭവന വായ്പാ കുടിശ്ശിക ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2019 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2021 സാമ്പത്തിക വർഷത്തിൽ നിഷ്ക്രിയ ആസ്തികൾ (non-performing assets) ഇരട്ടിയായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ഡിസംബറിലെ കണക്കനുസരിച്ച് 90 ദിവസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 3,020 കോടി രൂപ കുടിശ്ശികയുള്ള 7,901 ഭവനവായ്പ അക്കൗണ്ടുകൾ എൻപിഎകളായി മാറിയിട്ടുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ ഡാറ്റ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ വരാനിരിക്കുന്നത് ജപ്തികാലമാണെന്നു തന്നെ കണക്കാക്കേണ്ടി വരും.
കോവിഡ് -19 കരണമുണ്ടായ സമ്മർദങ്ങളും നീണ്ടുനിന്ന ലോക്ക്ഡൗൺ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് സ്ഥിരസ്ഥിതി നിരക്കുകൾ വർദ്ധിക്കുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു. ഭവന വായ്പ മാത്രമല്ല നിഷ്ക്രിയമായി കിടക്കുന്നത്. പലരും തങ്ങളുടെ ഭവനമുൾപ്പടെയുള്ള വസ്തുക്കൾ ഈട് നൽകി മാറ്റ് വായ്പകളും എടുത്തിട്ടുണ്ട്. ഇവയുൾപ്പടെയുള്ള വായ്പാ അക്കൗണ്ടുകൾ നിഷ്ക്രിയമായി മാറിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് സാമ്പത്തിക സമ്മർദ്ദം മൂലം നിരവധിപേർ ആത്മഹത്യ ചെയ്തതിനു കേരളം സാക്ഷിയാണ്. എംഎസ്എംഇ മേഖലയാണ് പകർച്ചവ്യാധിയുടെ കാലത്ത് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയത്. അതിനാൽ തന്നെ അത് മറ്റു പല വായ്പകളെയും സാരമായിത്തന്നെ ബാധിക്കും. കാരണം നിരവധി കുടുംബങ്ങളാണ് ഓരോ എംഎസ്എംഇ സെക്ടർ യൂണിറ്റിനെയും ആശ്രയിക്കുന്നത് എന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സി ജെ നന്ദകുമാർ പറയുന്നു.
2017 ഡിസംബറിലെ കണക്കനുസരിച്ച് ഭവന വായ്പകളിലെ എൻപിഎ അക്കൗണ്ടുകളുടെ എണ്ണം 49,861 ആണ്. മൊത്തം കുടിശ്ശിക 1,440 കോടി രൂപയാണ്. 2019 ഡിസംബറിൽ എൻപിഎ അക്കൗണ്ടുകളുടെ എണ്ണം 52,974 ആയി ഉയർന്നു. മൊത്തം കുടിശിക 1,571 കോടി രൂപയായി. ഈ കാലയളവിലെ വർധന നാമമാത്രമാണെങ്കിലും തുടർന്ന് 2021 ഡിസംബറോടെ കുടിശ്ശിക തുക ഇരട്ടിയായതായി കാണാം. മൊത്തം കുടിശിക 3,020 കോടി രൂപയായാണ് വർധിച്ചത്. ഒപ്പം എൻപിഎ ഭവന വായ്പ അക്കൗണ്ടുകളുടെ എണ്ണം 67,901 ആയി വർധിക്കുകയും ചെയ്തു.
ഭവന വായ്പ അക്കൗണ്ടുകൾ നിഷ്ക്രിയമാകുന്നതോടെ ബാങ്കുകൾക്ക് കൂട്ടമായ ജപ്തി നടപടികളിലേക്ക് കടക്കേണ്ടി വരും. ഇതിനിടെ ബാങ്ക് അറ്റാച്ച്മെന്റ് നടപടികൾക്കെതിരെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ നടത്തുന്ന ഇടപെടലുകളിൽ ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ അമർഷത്തിലാണ്. വായ്പ തിരിച്ചടക്കുന്നതിന് കുടിശ്ശിക വരുത്തുന്നവരുടെ പാർപ്പിടമോ വാണിജ്യപരമോ ആയ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കുന്ന ഫിനാൻഷ്യൽ അസ്സെറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്‌ട് (SARFAESI Act) പ്രകാരം ബാങ്കുകൾ നടപടി ക്രമങ്ങൾ ആരംഭിക്കും. എന്നാൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ സാമൂഹികവും മാനുഷികവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബാങ്കുകൾക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നു. ഇത് പലപ്പോഴും സംഘർഷത്തിലേക്ക് നയിക്കുന്നു.
കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കുള്ള കുടുംബത്തിലെ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ആണ് ബാങ്ക് അറ്റാച്ച്‌മെന്റ് ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ എറണാകുളം ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന്റെ കീഴിലുള്ള വീടിന്റെ പൂട്ട് തകർത്തിരുന്നു. ഇങ്ങനെയുള്ള സംഘർഷങ്ങൾ ബങ്കളുടെ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു. സർഫേസി നിയമപ്രകാരം കുടിശ്ശിക വരുത്തുന്ന അക്കൗണ്ടുകൾക്കെതിരെ തീർച്ചയായും നടപടികൾ ഉണ്ടാകും. അതിനാൽത്തന്നെ കേരളത്തിൽ ഇനി അരങ്ങേറാൻ പോകുന്നത് നിരവധി ജപ്തി നടപടികളായിരിക്കും എന്ന് അനുമാനിക്കാം.
