1971-ലെ ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം വലിയൊരു സാമ്പത്തിക പരിഷ്കാരത്തിനാണ് ബാങ്കിംഗ് രംഗം സാക്ഷ്യം വഹിക്കുന്നത്. ബാങ്കുകളുടെ ലയനം സാധാരണക്കാരെ സഹായിക്കുമോ? അതോ വൻകിട അക്കൗണ്ടുകൾക്ക് മാത്രമാകുമോ സഹായകമാവുക? ഈ ദേശസാൽകൃതബാങ്കുകളിൽ അക്കൗണ്ടുള്ള സാധാരണക്കാരെ ഇതെങ്ങനെ ബാധിക്കും? ബാങ്കിംഗ് രംഗത്തെ വിദഗ്‍ധർ പറയുന്നത് കേൾക്കാം:

കെ എച്ച് കൃഷ്ണ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 

ചോദ്യം: ബാങ്കുകളുടെ മൂലധന അടിത്തറ വിശാലമാക്കുക, അങ്ങനെ വലിയ ബാങ്കുകൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നാണ് നിർമലാ സീതാരാമൻ പറയുന്നത്. ഇത് ഫലം കാണുമോ?

വലിയ ബാങ്കുകളാക്കി മാറ്റിയാൽ അതിന് അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ടാകാം. പക്ഷേ ആത്യന്തികമായി സാധാരണക്കാർക്ക് ഇതുകൊണ്ട് ഗുണങ്ങളുണ്ടാകില്ല. പ്രാദേശിക സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ചെറുകിട ബാങ്കുകൾ വേണം. അത് നിലനിൽക്കുന്ന തരത്തിൽ സുസ്ഥിരമാവുകയും വേണം.  ദേനാ ബാങ്ക്, വിജയ, ബാങ്ക് ഓഫ് ബറോഡ ലയനം ഇനിയും പൂർണമായിട്ടില്ല. അതിന് ഇനി രണ്ട് വർഷം കൂടി എടുക്കും. ചുരുക്കത്തിൽ ഇനി ഈ ബാങ്കുകളിലെ ഇടപാടുകാർക്ക് ഒക്കെ സാമാന്യം നല്ല രീതിയിൽ ബുദ്ധിമുട്ട് വരും. 

കിട്ടാക്കടം വർദ്ധിച്ച് കുടുങ്ങിയ അവസ്ഥയിലാണ് ഇപ്പോഴേ ബാങ്കുകൾ ഉള്ളത്. വൻകിട ബാങ്കുകൾ തകരില്ലെന്ന സിദ്ധാന്തം എന്നേ തെറ്റെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2009-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ സിറ്റി ബാങ്ക് പോലുള്ള ആഗോള ബാങ്കുകൾ തകർന്ന് തരിപ്പണമായത് നമ്മൾ കണ്ടതാണ്. എല്ലാ ബാങ്കുകളും ലയിപ്പിച്ച് വലുതാക്കിയാൽ മൂലധനം വലുതാകും. അങ്ങനെ വലുതാകുന്നതോടെ, ഭീമമായ മൂലധനമുള്ള ബാങ്കുകൾ ''Too Big To Fail'' എന്ന സിദ്ധാന്തം തെറ്റാണ്. ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നിലവിൽ ലയനം കാര്യങ്ങളെ കൊണ്ടുവരാൻ സാധ്യതയില്ല.

ചോദ്യം: ആഗോള ബാങ്കുകളുമായി മത്സരിക്കാനാകുമോ?

സ്വകാര്യ ബാങ്കുകൾക്ക് ചെറിയ ധനകാര്യസ്ഥാപനങ്ങൾക്ക് നിറയെ ലൈസൻസുകൾ കൊടുത്ത്, അതേസമയം, പൊതുമേഖലാ ബാങ്കുകളെയെല്ലാം വൻകിടകളാക്കി മാറ്റുന്നതിൽത്തന്നെ വലിയ വിരോധാഭാസമുണ്ട്. അതായത് സാധാരണക്കാർക്ക് ലോൺ കിട്ടാൻ ഇനി എളുപ്പം സ്വകാര്യ ചെറുകിട സ്ഥാപനങ്ങളാകും.  സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ദേശസാൽകൃത ബാങ്കുകൾ ഇനി വൻകിട അക്കൗണ്ടുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അവയിൽ പലതിന്‍റെയും സർവീസ് ചാർജുകളും മിനിമം ബാലൻസ് സർവീസ് ചാർജടക്കവും കൂട്ടി. ഇതിലൂടെ സാധാരണക്കാർ ഈ ബാങ്കുകളിൽ നിന്നകലും.  

ഈ വൻകിട പൊതുമേഖലാ ബാങ്കുകൾ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളുടെ വൻ ബാങ്കുകളുമായി മത്സരിക്കാനുള്ള കഴിവ് നേടുമെന്ന് പറയുന്നതെല്ലാം അസ്ഥാനത്താണ്. ചൈനയ്ക്കോ റഷ്യയ്ക്കോ എണ്ണത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ പൊതുമേഖലാ ബാങ്കുകളും ശാഖകളുമുണ്ട്. എന്നാൽ ഇന്ത്യയിൽ ചെയ്യുന്നത് എല്ലാ ബാങ്കുകളുടെയും എണ്ണം കുറയ്ക്കലാണ്. മറുവശത്ത് സ്വകാര്യ മേഖലയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു. 

ചോദ്യം: ഇത് സാധാരണ  ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?

ചെറുകിട വ്യവസായങ്ങൾ (MSME Segment) 60 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ആവശ്യമുള്ള മേഖലയാണ്. അവിടെ ബാങ്കുകളടക്കമുള്ള വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്നത് 10 ലക്ഷം കോടി രൂപ മാത്രമാണ്. ഇത് പുറത്തു വന്ന റിപ്പോർട്ടുകളിലുള്ളതാണ്. നിലവിലെ സംവിധാനത്തിൽത്തന്നെ ചെറുകിടക്കാർക്ക് ബാങ്കുകൾക്ക് വായ്പ കൊടുക്കാനാകുന്നില്ലെന്ന് പറയുമ്പോൾ, ആഗോള ബാങ്കിംഗ് കൊണ്ട് ചെറുകിടക്കാർക്ക് എന്ത് ഗുണമാണുണ്ടാകുക? 

ഒന്നാം മോദി സർക്കാർ എല്ലാ ചെറുകിട വ്യവസായികൾക്കും ഒരു മണിക്കൂറിനുള്ളിൽ ലോൺ നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. ആ മേഖലയിലുള്ളവർക്ക് ലോൺ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണിത്. പുതിയ നയങ്ങൾ അനുസരിച്ച് ഈ ബാങ്കുകളെല്ലാം വൻകിട ധനകാര്യസ്ഥാപനങ്ങളാവുകയാണ്. വലിയ ഇടപാടുകൾക്കാകും അവിടെ മുൻഗണന. ഇത് സാധാരണക്കാരായ ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയാകും. 

നമ്മുടെ സംസ്ഥാനത്തെ ക്രെഡിറ്റ് - ഡെപ്പോസിറ്റ് അനുപാതത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. അതിൽ പ്രധാനപങ്ക് വഹിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 65 മുതൽ 75 ശതമാനമുണ്ടായിരുന്ന ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 40 ശതമാനമായി ചുരുങ്ങിയെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ചെറുകിട വ്യവസായികൾ തന്നെയാണ്. 

പുതിയ അക്കൗണ്ടുകൾ കൊടുക്കാനോ, പഴയ അക്കൗണ്ടുകൾ നിലനിർത്താനോ ബാങ്കുകൾക്ക് പറ്റുന്നില്ല. ബാങ്കുകളുടെ ശ്രദ്ധ പലപ്പോഴും വലിയ അക്കൗണ്ടുകളിലാണ്. പത്തോളം ബാങ്കുകളാണ് ഇല്ലാതാകുന്നത്. ഇതിൽ പല ബാങ്കുകൾക്കും പല സംസ്ഥാനങ്ങളിലാണ് ശക്തിയുള്ളത്. ഉപഭോക്താക്കൾ കോർപ്പറേഷൻ ബാങ്കിന് കർണാടകത്തിൽ നിരവധിയുണ്ട്. അതേസമയം, കേരളത്തിൽ കുറവാണ്. അത്തരം പ്രാദേശികമായ തരത്തിലുള്ള ശ്രദ്ധയും ചെറിയ ഇടപാടുകാരുടെ മേലുള്ള കരുതലും ഇല്ലാതായിപ്പോകുമോ എന്ന ആശങ്ക തീർച്ചയായും ഉയരുന്നുണ്ട്. 

ബി എ പ്രകാശ്, സാമ്പത്തിക വിദഗ്‍ധൻ

ഇന്ത്യയെപ്പോലുള്ള വലിയ ഒരു രാജ്യത്ത് രാജ്യത്തെമ്പാടും ഒരേ തരത്തിലുള്ള സമ്പദ് വ്യവസ്ഥയല്ല നിലനിൽക്കുന്നത്. കേരളത്തിലെ ഒരു ശരാശരി പൗരന്‍റെ വരുമാനവും ബാങ്കിംഗ് ശേഷിയുമല്ല തമിഴ്‍നാട്ടിൽ. അതിൽ നിന്ന് വിഭിന്നമാണ് ഉത്തർപ്രദേശിലേത്. അതല്ല ആന്ധ്രാപ്രദേശിന്‍റേത്.

ഇത് പ്രാദേശിക തലത്തിലുള്ള സാധാരണ ഇടപാടുകാരെ പ്രതികൂലമായി ബാധിക്കും.

എന്നാൽ വിഭിന്നമായ അഭിപ്രായമാണ് ബാങ്കിംഗ് വിദഗ്‍ധൻ വി കെ ആദർശ് മുന്നോട്ടു വയ്ക്കുന്നത്.

വി കെ ആദർശ്, യൂണിയൻ ബാങ്ക് ചീഫ് ടെക് മാനേജർ

ചോദ്യം: വൻകിടക്കാരെ മാത്രം സഹായിക്കുന്നതല്ലേ ഈ നീക്കം?

ലോകത്തെ പുതിയ സാമ്പത്തിക രംഗത്തിനനുസരിച്ച് ഇന്ത്യയെപ്പോലൊരു രാജ്യത്ത് ബാങ്കുകളുടെ മൂലധനം കൂടണം. ലോകത്തെ ഏറ്റവും വലിയ ആദ്യ പത്ത് ബാങ്കുകളിൽ ചൈനയിലെ ബാങ്കുകളുണ്ട്. ആദ്യം ഒന്നോ രണ്ടോ വർഷം ബുദ്ധിമുട്ടുണ്ടായേക്കാം. പിന്നെ ഇത് ഉപഭോക്താക്കൾക്ക് ഗുണകരമാകും. റിസർവ് ബാങ്കിൽ നിന്ന് പണം കിട്ടിയാൽ അതും ഗുണകരമാണ്. 

ഘടനാപരമായ മാറ്റങ്ങൾ ബാങ്കുകളിൽ വരും. അത് നല്ലതാണ്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ എസ്ബിഐക്ക് കൂടി. സൈബർ  സെക്യൂരിറ്റി ചെറിയ ബാങ്കുകൾക്ക് ഉറപ്പാക്കാൻ പറ്റില്ല. എസ്ബിഐയെപ്പോലുള്ള വലിയ ബാങ്കുകൾക്ക് കഴിയും. അത് പോലെ സിൻഡിക്കേറ്റ് പോലത്തെ ചെറുബാങ്കുകൾക്ക് കഴിയില്ല.