മ്യൂച്ചല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്ങനെ ഫണ്ടിന്റെ പ്രകടനം വിലയിരുത്താം? നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ 

രമ്പരാഗത സ്ഥിരനിക്ഷേപ പദ്ധതികളില്‍ നിന്നും ദീര്‍ഘകാലയളവില്‍ ലഭിക്കുന്ന ആദായം അനാകര്‍ഷകമായി തോന്നുന്നവരും താരതമ്യേന റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നതുമായ നിക്ഷേപകരും ഇന്നു മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ഒഴുകിയെത്തുന്നു. മികച്ച ആദായം കരസ്ഥമാക്കുകയാണ് ലക്ഷ്യം. അതേസമയം മ്യൂച്ചല്‍ ഫണ്ടിലേക്ക് പണം നീക്കിവെച്ച നിക്ഷേപകര്‍, അവയുടെ പ്രകടനം വിലയിരുത്തുന്നതിലും ശ്രദ്ധാലുവാണ്. എല്ലാ പ്രവര്‍ത്തി ദിനങ്ങള്‍ക്കൊടുവിലും അറ്റ ആസ്തി മൂല്യം അഥവാ എന്‍എവി പ്രസിദ്ധീകരിക്കുന്നതിനാല്‍ ഫണ്ടിന്റെ പ്രകടനം പിന്തുടരാനും വളരെ എളുപ്പമാണ്. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട 4 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പ്രകടനം എങ്ങനെ വിലയിരുത്തണം?

കഴിഞ്ഞകാലത്തെ ആദായം മ്യൂച്ചല്‍ ഫണ്ടിനെ വിലയിരുത്തുന്നതില്‍ നിര്‍ണായകമാണെങ്കിലും അതിനെ മാത്രമായി ആശ്രയിക്കരുത്. ദിവസേനയുള്ള ആദായ നിരക്കും പരിഗണിക്കരുത്. പകരം ദീര്‍ഘകാലയളവിലെ ആദായ നേട്ടമാണ് കണക്കിലെടുക്കേണ്ടത്. ഓഹരി അധിഷ്ഠിത ഫണ്ട് ആണെങ്കില്‍ 3 മുതല്‍ 5 വര്‍ഷം വരെയുള്ള ആദായം വിലയിരുത്താം. അതുപോലെ സമാനമായ മറ്റ് ഫണ്ടുകളുടെ പ്രകടനവുമായും ഫണ്ട് മാനേജരുടെ മികവും ചാഞ്ചാട്ടവും ഓഹരികളുടെ ഗുണമേന്മയുമൊക്കെ താരതമ്യം ചെയ്യണം.

ആദായം എങ്ങനെ താരതമ്യം ചെയ്യും?

ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടിന്റെ ആദായം വിലയിരുത്താന്‍ ശരിയായ രീതിയില്‍ താരതമ്യം ചെയ്യണം. ഉദാഹരണത്തിന്, ലാര്‍ജ് കാപ് ഫണ്ടുകളെ അതിന്റെ അടിസ്ഥാന സൂചികയുമായോ മറ്റേതെങ്കിലും ലാര്‍ജ് കാപ് ഫണ്ടുകളുമായോ മാത്രം താരതമ്യം നടത്തുക. ലാര്‍ജ് കാപ് ഫണ്ടിനെ മിഡ് കാപ് ഫണ്ടുകളുമായോ തീമാറ്റിക് ഫണ്ടുകളുമായോ താരതമ്യം ചെയ്യരുത്. അതുപോലെ ഓഹരി, ആസ്തി വിഭാഗമെന്ന നിലയില്‍ സ്വര്‍ണവുമായോ സ്ഥിരവരുമാന പദ്ധതികളുമായോ തട്ടിച്ചുനോക്കുന്നതും ഉചിതമായിരിക്കില്ല.

എങ്ങനെ എതിരാളികളെ താരതമ്യം ചെയ്യണം?

സമാന മ്യൂച്ചല്‍ ഫണ്ടുകളുമായി വേണം കൈവശമുള്ള ഫണ്ടും താരതമ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ലാര്‍ജ് കാപ് വിഭാഗത്തില്‍ കഴിഞ്ഞ 3 വര്‍ഷമായുള്ള ശരാശരി വാര്‍ഷിക ആദായം 20 ശതമാനവും നിങ്ങളുടെ പക്കലുള്ള ഫണ്ട് നല്‍കിയത് 14 ശതമാനവുമാണെങ്കില്‍, അതിന്റെ പ്രകടനം മികച്ചതല്ലെന്ന് കരുതാം. അതുപോലെ, ഒരേ വിഭാഗത്തിലുള്ള 10 ഫണ്ടുകള്‍ ഉണ്ടെങ്കില്‍, അവയുടെ ആദായ നേട്ടത്തിന്റെ പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് നിങ്ങളുടെ കൈവശമുള്ള ഫണ്ടിന്റെ പ്രകടനവും നില്‍ക്കുന്നതെങ്കില്‍, അതിന്റെ പോരായ്മയാണ് അടിവരയിടുന്നത്.

സ്ഥായിയായ പ്രകടനം

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നതിനെയാണ് നിര്‍ണായക ഘടകമായി സാമ്പത്തിക വിദഗ്ധര്‍ കണക്കിലെടുക്കുന്നത്. വിപണിയിലെ മുന്നേറ്റ ഘട്ടത്തില്‍ വമ്പന്‍ കുതിപ്പും ഇടിവ് നേരിടുമ്പോള്‍ തകര്‍ന്നടിയുകയും ചെയ്യുന്നപോലെ അസ്ഥിര പ്രകടനം പുറത്തെടുക്കുന്ന ഫണ്ടുകളെ ഒഴിവാക്കുന്നതാകും ഉചിതം. വിപണിയുടെ ഏത് ഘട്ടത്തിലായാലും അടിസ്ഥാന സൂചികയേക്കാളും അതേ വിഭാഗത്തിലുള്ളവയുടെ ശരാശരിയേക്കാളും ഉയര്‍ന്ന പ്രകടനം നടത്തുന്ന ഫണ്ടുകളെയാകണം തെരഞ്ഞെടുക്കേണ്ടത്.