ദില്ലി: രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതായി വെളിപ്പെടുത്തല്‍. നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഈ ഇടിവ് തരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ഇതോടെ ധനമന്ത്രി പ്രഖ്യാപിച്ച നികുതി ഇളവുകളും ആശ്വാസ പദ്ധതികളും വരുമാന വര്‍ധനയ്ക്ക് സഹായിച്ചില്ലെന്ന് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഖജനാവിലേക്ക് 13.5 ലക്ഷം കോടി എത്തിക്കാനാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതായത് മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം നികുതി വര്‍ധന സര്‍ക്കാര്‍ ലക്ഷ്യമിട്ടു. 

എന്നാല്‍, സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രത്യക്ഷ നികുതി വരുമാനം 7.3 ലക്ഷം കോടി മാത്രമാണെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 23 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന പാദ വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്.