ദില്ലി: രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയിൽ അടുത്ത എട്ട് മുതൽ പത്ത് വർഷത്തിനുള്ളിൽ 206 ബില്യൺ ഡോളർ വരെ നിക്ഷേപം നടക്കുമെന്ന് വിദ​ഗ്ധർ. ഇന്ത്യ എനർജി ഫോറത്തിന്റെ സെറ വീക്കിന് മുന്നോടിയായാണ് ഇന്ത്യയുടെ പെട്രോളിയം വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന വിലയിരുത്തലുണ്ടായതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

ആഭ്യന്തര ഇന്ധന വിപണി പകർച്ചവ്യാധി മൂലമുളള ഇടിവിൽ നിന്ന് മെച്ചപ്പെട്ട മുന്നേറ്റം നടത്തിയതായും ഈ മേഖലയിലെ വിദ​ഗ്ധർ വിലയിരുത്തുന്നു. ഫോറത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ആഗോള എക്സിക്യൂട്ടീവുകളെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

സ്വാശ്രയ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായുളള പ്രഖ്യാപനങ്ങൾ അദ്ദേ​ഹത്തിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസത്തെ ഫോറത്തിൽ ഡാൻ ബ്രോയിലെറ്റ് (യുഎസ് ഊർജ്ജ സെക്രട്ടറി), പ്രിൻസ് അബ്ദുൽ അസീസ് (സൗദി അറേബ്യൻ ഊർജ്ജ മന്ത്രി), അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവർ പങ്കെടുക്കും.