ദില്ലി: രാജ്യത്തെ അതിസമ്പന്നർക്ക് മാത്രമായി രാജ്യത്തെ സ്വകാര്യ വിമാന ടെർമിനൽ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുറന്നു. ഒരു ദിവസം 150 വിമാനങ്ങൾക്ക് ഈ ടെർമിനൽ വഴി സർവീസ് നടത്താനാവും. മണിക്കൂറിൽ 50 യാത്രക്കാരെയും ടെർമിനലിന് കൈകാര്യം ചെയ്യാനാവും.

ബിസിനസ് ജെറ്റ്, ചാർട്ടേർഡ് വിമാനങ്ങൾ എന്നിവയുടെ സർവീസ് കൂടുതൽ എളുപ്പമാക്കുന്നതാണ് ഈ നീക്കം. രാജ്യത്തെ അതിസമ്പന്നർ ദീർഘകാലമായി കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്ന ഒരു ആവശ്യം കൂടിയായിരുന്നു ഇത്. രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിൽ 2018 വരെയുള്ള അഞ്ച് വർഷത്തിനിടെ 116 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 ഓടെ ഇത് 37 ശതമാനം കൂടി വർധിക്കുമെന്നും കരുതുന്നു.

രാജ്യത്തെ വിമാന സർവീസ് വിപണിയിൽ 2033 ഓടെ 900 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ട് കൂടിയാണ് അതിസമ്പന്നർക്ക് വേണ്ടി പ്രത്യേക ടെർമിനൽ സജ്ജമാക്കിയത്. കൊവിഡ് കാലത്ത് സ്വകാര്യ വിമാനങ്ങളുടെ സർവീസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതമായ യാത്രയ്ക്ക് അതിസമ്പന്നർ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളുമാണ് ആശ്രയിച്ചത്. ബിസിനസ് ജെറ്റുകൾ എയർ ആംബുലൻസായും ഉപയോഗിക്കാമെന്നും ഉൾപ്രദേശങ്ങളിൽ വരെ എത്താനാവുമെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.