മെഡിക്കൽ ടൂറിസം സേവന മേഖലകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള നിക്ഷേപക സംഗമം, ഇന്ത്യ ഹീൽസ് 2020, കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടക്കും. ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന പരിപാടിയിൽ നൂറിൽ അധികം ഇന്ത്യൻ പ്രതിനിധികളും ഏതാണ്ട് നാൽപതു രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽ അധികം വിദേശ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സർവീസസ്‌ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലാണ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.

ചുരുങ്ങിയ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുന്ന രാജ്യം എന്ന ഇന്ത്യയുടെ ഖ്യാതി വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇതുവഴി ആരോഗ്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ഇന്ത്യ ഹീൽസ് 2020 ലക്ഷ്യമിടുന്നു. 

വിവിധ ചികിത്സാശാഖകളാൽ സമ്പന്നമായ ഇന്ത്യയുടെ ആരോഗ്യ സേവന മേഖല വിദേശരാജ്യങ്ങൾക്കു പരിചയപ്പെടുത്തുക എന്നതും ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുക എന്നതുമാണ് പരിപാടിയുടെ ഉദ്ദേശ്യം. ഇന്ത്യയുടെ തനത് ചികിത്സാശാഖകളെ മറ്റു മുഖ്യധാരാ ചികിത്സാ രീതികളുമായി ബന്ധിപ്പിച്ചുകൊണ്ട് ലോകശ്രദ്ധയിൽ എത്തിക്കുന്നതിനും ഇന്ത്യ ഹീൽസ് 2020 വഴിയൊരുക്കും. ഇന്ത്യയിലെ ആയുർവ്വേദം, യോഗ, നാച്ചുറോപ്പതി, ഹോമിയോ, സിദ്ധ, യുനാനി എന്നിവ കൂടാതെ തിബത്തൻ ചികിത്സാരീതിയായ സോവ-റിഗ്പ്പ തുടങ്ങിയവയ്ക്കും വിദേശത്ത് കൂടുതൽ പ്രസിദ്ധി ലഭിക്കുന്നതിനും മേള സഹായകമാകും.