ദില്ലി: വരുമാനത്തിലുണ്ടായ വലിയ ഇടിവു മൂലം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തിലെ അദ്യ അഞ്ചുമാസത്തിനകം തന്നെ ധനകമ്മി 8.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.  പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

വരുമാനം 3.77 ലക്ഷം കോടി രൂപ. ചിലവ് 12.5 ലക്ഷം കോടി രൂപ. ഈ സാമ്പത്തിക വര്‍ഷത്തിലെ ആഗസ്റ്റ് മാസം വരെയുള്ള കണക്കാണിത്. വരവും ചിലവും തമ്മിലുള്ള അന്തരം ഒരോ മാസവും വര്‍ദ്ധിക്കുകയാണ്. ആദ്യ അഞ്ച് മാസത്തില്‍ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്‍റെ 16 ശതമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നു എന്നാണ് ഇവയെല്ലാം നല്‍കുന്ന സൂചന. 

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്‍റെ നികുതി വരുമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടാക്കി. മറുവശത്ത് ചിലവ് കുതിച്ചു കയറുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ട അവസ്ഥ. സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ പോലും കഴിയുന്നില്ല. 

മൂന്നര ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കേണ്ട ധനകമ്മി ഇപ്പോള്‍ ഏട്ടര ശതമാനത്തിനു മുകളിലാണ്. വിവിധ ഉത്പാദന മേഖലകളിലും വളര്‍ച്ച താഴോട്ടാണ്. സ്റ്റീല്‍,സിമന്‍റ്, വള നിര്‍മ്മാണം,വൈദ്യുതി, പെട്രോളിയം തുടങ്ങിയ പ്രധാന മേഖലകളില്‍ വളര്‍ച്ചയില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം കണ്ടെത്താനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. 

പണം കണ്ടെത്താന്‍ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡുണ്ടാക്കിയ പ്രതിസന്ധി മറി കടക്കാന്‍ വിവിധ മേഖലകള്‍ക്കായി വീണ്ടും സാമ്പത്തിക പാക്കേജുകള്‍ നടപ്പാകുമെന്ന പ്രഖ്യാപനവും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ സാഹചര്യത്തിൽ എൽഐസി അടക്കമുള്ള പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പരമാവധി പണം സമാഹരിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം.