ദില്ലി: ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി.നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐഎംഎഫ് വിലയിരുത്തി. സാമ്പത്തിക നയങ്ങളിൽ ഇന്ത്യക്ക് കൂടുതൽ വ്യക്തത ആവശ്യമാണെന്നും  ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി പാര്‍ലമെന്‍റിലടക്കം ആവ‌ർത്തിച്ച് നിലപാടെടുക്കുന്നതിനിടെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രസ്താവന. ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നിരുന്ന രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യം  പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക നയവ്യതിയാനങ്ങൾക്ക് കേന്ദ്രസ‍ർക്കാർ തയ്യാറാകണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു. 

സര്‍ക്കാരിന് ഉള്ള ഭൂരിപക്ഷം സാമ്പത്തിക പരിഷ്കണ നടപടികൾക്ക് വിനിയോഗിക്കണമെന്ന നിര്‍ദ്ദേശവും അന്താരാഷ്ട്ര നാണയ നിധി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉടൻ പരിഹരിക്കപ്പെടുന്ന പ്രതിസന്ധിയാണ് എന്ന വിശ്വാസം ഐഎംഎഫ് പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

നിലവിലെ സാമ്പത്തിക പരിഷ്കരണങ്ങളിൽ സർക്കാർ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കണം, സാമ്പത്തിക മേഖലയിലെ നയങ്ങൾക്ക് വ്യക്തതയുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി റനിൽ സൽഗാഡോ മുന്നോട്ട് വച്ചു. അടുത്ത മാസം പുറത്തിറക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ചാ പ്രവചനം ഗണ്യമായി കുറയ്ക്കേണ്ടിവരുമെന്ന് മുഖ്യസാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗീതാ ഗോപിനാഥ് പ്രധാനമന്ത്രിയയുമായി ചർച്ച നടത്തുകയും ചെയ്തു.  

നിക്ഷേപവും ഉപഭോഗവും നികുതിവരുമാനവും കുറഞ്ഞത് കൂടാതെ മറ്റ് ചില ഘടകങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. തിരിച്ചുവരവ് നേരത്തെ പ്രതീക്ഷിച്ചതുപോലെ ലളിതമാകില്ലെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു. ജൂലൈ സെപ്റ്റംബർ പാദത്തിലെ  ആഭ്യന്തര ഉത്പാദനം  കഴിഞ്ഞ് ആറ് വ‌ർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു.  അന്താരാഷ്ട്ര ഏജൻസികൾ ശക്തമായ നിലപാടെടുത്ത സാഹചര്യത്തിൽ മാന്ദ്യമില്ലെന്ന നിലപാടിൽ അധികകാലം കേന്ദ്രത്തിന് പിടിച്ചുനിൽക്കാനാകില്ല.