ദില്ലി: ഇന്ത്യയുടെ 2020-21 വർഷത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 5.3 ശതമാനം ഇടിയുമെന്ന് ക്രഡിറ്റ് റേറ്റിങ് ഏജൻസിയായ ഇന്ത്യാ റേറ്റിങ്സ്. 1979-80 കാലത്ത് രേഖപ്പെടുത്തിയതിനേക്കാൾ മോശമായിരിക്കും നടപ്പു സാമ്പത്തിക വർഷത്തിലെ വളർച്ച. 

ഈ കണക്കുകൂട്ടൽ ശരിയായി വരികയാണെങ്കിൽ 1951 മുതലുള്ള കണക്കുകളിൽ വച്ച് ഏറ്റവും മോശം വളർച്ചയാവും ഈ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തുക. അതേസമയം 2021-22 വർഷത്തിൽ അഞ്ച് മുതൽ ആറ് ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്നും ഇന്ത്യ റേറ്റിങ്സ് പ്രവചിച്ചു. 

ഇന്ത്യയുടെ ധനക്കമ്മി 7.6 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റേതായ സൂചനകൾ പ്രകടമായതിന് പിന്നാലെയാണ് കൊവിഡും എത്തിച്ചേർന്നത്. ഇതോടെ തിരിച്ചടിയുടെ ആഘാതം വർധിച്ചു. വ്യാപാര രംഗത്ത് വരുമാന നഷ്ടം ഉണ്ടായതിന് പുറമെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും നഷ്ടമായിരുന്നു.